News - 2025
മാലിയില്‍ തട്ടികൊണ്ടു പോയ കന്യാസ്ത്രീയെ പറ്റി വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലായെന്ന് രൂപതാവൃത്തങ്ങള്‍
സ്വന്തം ലേഖകന്‍ 25-03-2017 - Saturday
ബമാകോ: തെക്കന്‍ മാലിയിലെ കരന്‍ഗാസ്സോയില്‍ നിന്നും അജ്ഞാതര്‍ തട്ടികൊണ്ട് പോയ സിസ്റ്റര്‍ സിസിലിയയെ പറ്റി യാതൊരു വിവരവും ലഭിച്ചിട്ടില്ലായെന്ന് സഭാവൃത്തങ്ങള്‍ വ്യക്തമാക്കി. ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്’ സഭാംഗവും കൊളംബിയന്‍ സ്വദേശിനിയുമായ സി. ഗ്ലോറിയ സിസിലിയ നര്‍വെയ്‌സിനെ കഴിഞ്ഞ ഫെബ്രുവരി 7-ന് രാത്രിയിലാണ് ആയുധധാരികളായ അജ്ഞാതര്‍ തട്ടികൊണ്ട് പോയത്.
പോലീസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും കാണാത്തതിനെ തുടര്‍ന്ന് സിസ്റ്റര്‍ സെസിലിയായെ മോചിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ രാജ്യത്തെ മെത്രാന്‍മാര്‍ ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ ‘ഏജന്‍സിയ ഫിഡേസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിസ്റ്റര്‍ സെസിലിയായുടെ മോചനം സാധ്യമാക്കുവാനുള്ള എല്ലാ വഴികളും മെത്രാന്‍മാര്‍ അന്വോഷിച്ചുകൊണ്ടിരിക്കുകയാണെന്ന്‍ മാലി എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്റെ ജനറല്‍ സെക്രട്ടറിയായ ഡോണ്‍ എഡ്മണ്ട് ഡെമ്പേലെ ഏജന്‍സിയ ഫിഡെസിനോട് പറഞ്ഞു.
തട്ടികൊണ്ടുപോയവരുമായി ബന്ധപ്പെടുവാന്‍ സാധ്യമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള നിവേദനങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുവാന്‍ ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും മധ്യസ്ഥന്‍ മുഖേനെ തട്ടികൊണ്ടുപോയവരുമായി ബന്ധപ്പെടുവാനായി കാരന്‍ഗാസ്സോയിലെ രൂപതയും ശ്രമിച്ചു വരുന്നു.
മോചനദ്രവ്യത്തിനു വേണ്ടി പ്രാദേശിക കൊള്ളക്കാര്‍ സിസ്റ്റര്‍ സെസിലിയായെ തട്ടികൊണ്ടു പോയതായിരിക്കുമെന്ന അഭിപ്രായം നിലവിലുണ്ട്. അതേ സമയം തട്ടികൊണ്ട് പോയത് മുസ്ലീം ജിഹാദി ഗ്രൂപ്പാണെന്ന വിലയിരുത്തലും ഉണ്ട്. ദൈവശുശ്രൂഷക്കായി ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ച സിസ്റ്റര്‍ സെസിലിയായുടെ മോചനത്തിനായി അവിടുത്തെ വിശ്വാസി സമൂഹം ഒന്നടങ്കം പ്രാര്‍ത്ഥനയുമായി കഴിയുകയാണ്.