News - 2025
ഇറ്റാലിയൻ കർദിനാൾ അറ്റീലിയോ നിക്കോറ അന്തരിച്ചു
സ്വന്തം ലേഖകന്‍ 26-04-2017 - Wednesday
വത്തിക്കാൻ സിറ്റി: ഇറ്റാലിയൻ കർദിനാൾ അറ്റീലിയോ നിക്കോറ അന്തരിച്ചു. 80 വയസ്സായിരിന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു റോമിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം.
കര്‍ദിനാളിന്റെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. സഭയ്ക്കു വേണ്ടിയും ഇറ്റാലിയന്‍ സമൂഹത്തിനും വേണ്ടി ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം ചെയ്ത കാര്യങ്ങള്‍ നിസ്തുലമാണെന്ന് മാര്‍പാപ്പ പറഞ്ഞു.
1937 മാര്‍ച്ച് 16-നു ഇറ്റലിയിലെ വരേസിലാണ് അറ്റീലിയോ നിക്കോറ ജനിച്ചത്. 1964-ല്‍ മിലാന് അതിരൂപതയില്‍ നിന്നും തിരുപട്ടം സ്വീകരിച്ച് പൗരോഹിത്യത്തിലേക്ക് പ്രവേശിച്ചു. പിന്നീട് നിയമബിരുദമെടുത്ത ശേഷം ഇദ്ദേഹം കാനൻ നിയമത്തിൽ ഉന്നത പഠനം നടത്തി. തുടര്‍ന്നു സെമിനാരി റെക്ടര്‍ ആയി സേവനം ചെയ്തു.
1977-ൽ മിലാന് അതിരൂപതയുടെ സഹായ മെത്രാനായി. 2003-ൽ ആണ് അദ്ദേഹം കർദിനാൾ സംഘത്തിലേക്ക് ഉയർത്തപ്പെട്ടത്. പിന്നീസ് വത്തിക്കാൻ സ്വത്തുവകകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ ചുമതല ദീർഘകാലം അദ്ദേഹം വഹിച്ചു.
1929-ൽ ഇറ്റലിയും വത്തിക്കാനുമായി ഉണ്ടാക്കിയ കോൺകോർദാത് കരാർ 1984-ൽ പുതുക്കുന്നതിൽ നിർണായക പങ്ക് കർദിനാൾ അറ്റീലിയോ നിക്കോറ വഹിച്ചിരിന്നു. ബനഡിക്ട് മാർപാപ്പയുടെ കാലത്ത് വത്തിക്കാൻ ധനകാര്യനിയന്ത്രണത്തിന് രൂപപ്പെടുത്തിയ നാലംഗ ഫിനാൻഷ്യൽ ഇൻഫർമേഷൻ സമിതിയിൽ അംഗമായിരുന്നു.
കർദിനാൾ അറ്റീലിയോയുടെ മരണത്തോടെ കർദിനാൾ സംഘത്തിലെ അംഗസംഖ്യ 222 ആയി. ഇതിൽ 117 പേർ മാർപാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ളവരാണ്.