News - 2025

വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് അമേരിക്കയിലേക്ക്

സ്വന്തം ലേഖകന്‍ 28-04-2017 - Friday

വാഷിംഗ്ടൺ: യേശുവിന്റെ പഞ്ചക്ഷതങ്ങൾ ഏറ്റുവാങ്ങിയ കപ്പുച്ചിൻ വൈദികൻ വി.പാദ്രെ പിയോയുടെ തിരുശേഷിപ്പ് മെയ് മാസത്തിൽ യു.എസ്സിലെ വിവിധ രൂപതകളിൽ പൊതുവണക്കത്തിനായി പ്രദർശിപ്പിക്കും. വിശുദ്ധന്റെ നൂറ്റിമുപ്പതാം ജന്മദിനത്തോടനുബന്ധിച്ചാണ് തിരുശേഷിപ്പ് പ്രയാണം നടത്തുന്നത്. മെയ് ആറ് മുതൽ എട്ട് വരെയുള്ള ദിവസങ്ങളിൽ കാലിഫോർണിയ, നൂയോർക്ക്, ഫിലാഡെൽഫിയ തുടങ്ങി പന്ത്രണ്ടു സ്ഥലങ്ങളിലാണ് പരസ്യവണക്കം ഒരുക്കിയിരിക്കുന്നത്. ഇതിന് ശേഷം വിവിധ സ്ഥലങ്ങളിലും തിരുശേഷിപ്പ് പ്രയാണം നടത്തും.

മെയ് 9നു പിറ്റ്സ്ബര്‍ഗ്ഗിലും പത്ത്-പതിനൊന്ന് തീയതികളില്‍ ഡെന്‍വറിലും പതിമൂന്നിന് നെബ്രാസ്കയിലും പതിനെട്ട് പത്തൊന്‍മ്പത് തീയതികളില്‍ കാലിഫോര്‍ണിയായിലും ഇരുപത്-ഇരുപത്തിയൊന്ന് തീയതികളില്‍ വിര്‍ജീനിയായിലും തിരുശേഷിപ്പ് എത്തിക്കും. പിന്നീട് സെപ്റ്റംബര്‍ മാസത്തില്‍ ന്യൂയോര്‍ക്കിലെ സെന്‍റ് പാട്രിക് കത്തീഡ്രല്‍ ദേവാലയത്തിലും കണക്റ്റികറ്റിലെ വിശുദ്ധ യോഹന്നാന്‍റെ നാമത്തിലുള്ള ബസിലിക്കയിലും സെന്‍റ് തെരേസ ബസിലിക്കയിലും മിഷിഗണ്‍ കത്തീഡ്രലിലും തിരുശേഷിപ്പ് വണങ്ങാന്‍ അവസരം ഒരുക്കും.

1887 മെയ് ഇരുപത്തിയഞ്ചിന് ഇറ്റലിയിലെ അഡ്രിയാറ്റിക് തീരത്തുള്ള ഫ്രാൻസിസ്കോ ഫോർഗിയോനിൽ ഒരു പാവപ്പെട്ട കുടുംബത്തിലാണ് വി.പാദ്രെ പിയോ ജനിച്ചത്. പതിനഞ്ചാം വയസ്സിൽ സമീപത്തെ കപ്പൂച്ചിൻ ആശ്രമത്തിൽ ചേർന്ന അദ്ദേഹം 1910-ൽ വൈദികനായി അഭിഷേകം ചെയ്തു. അധികം വൈകാതെ തന്നെ, ആരോഗ്യ പ്രശ്നങ്ങളോടൊപ്പം ആത്മീയവും ശാരീരികവുമായ പീഡകൾ താൻ അഭിമുഖീകരിക്കുന്നുണ്ടെന്ന് അദ്ദേഹം മേലധികാരികളെ അറിയിച്ചു.

മുപ്പത് വയസ്സു മുതൽ ക്രൂശിതനായ യേശുവിന്റെ പഞ്ചക്ഷതങ്ങൾ വിശുദ്ധന്റെ ശരീരത്തിൽ അനുഭവപ്പെടാൻ തുടങ്ങി. അദേഹത്തിന്റെ മരണം വരെ, ഏകദേശം അമ്പതു വർഷത്തോളം പഞ്ചക്ഷതം തുടർന്നു. വൈദികനായി സേവനം ചെയ്യുന്ന കാലങ്ങളില്‍ തന്നെ, പല അത്ഭുതപ്രവര്‍ത്തികളും വിശുദ്ധന്റെ പ്രാര്‍ത്ഥനയുടെ ഫലമായി നടന്നിട്ടുണ്ട്. ദീര്‍ഘസമയമെടുത്ത് ആളുകളെ കുമ്പസാരിപ്പിക്കുന്നതിലും അതിലൂടെ ജനത്തിന് അവരുടെ പാപങ്ങളെ കുറിച്ച് ബോധ്യം വരുത്തുന്നതിനും വിശുദ്ധ പാദ്രെ പിയോ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

വിശുദ്ധന്റെ അസാധാരണ അടയാളങ്ങളും പ്രാർത്ഥനാ ശക്തിയും അനേകരെ ഇറ്റലിയിലെ സാൻ ജിയോവാതി റോടോഡോ ആശ്രമത്തിലേക്ക് ആകർഷിച്ചിരിന്നു. വർഷങ്ങൾ നീണ്ടു നിന്ന രോഗപീഡകൾക്കൊടുവിൽ 1968 ൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. 2002-ൽ വി.ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് പാദ്രെ പിയോയെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

More Archives >>

Page 1 of 169