News - 2025
അമേരിക്കൻ ആരോഗ്യ സംഘടനയുടെ അധ്യക്ഷയായി പ്രോലൈഫ് പ്രവർത്തക ഡോ. ചാർമെയിനെ നിയമിച്ചു
സ്വന്തം ലേഖകന്‍ 29-04-2017 - Saturday
വാഷിംഗ്ടണ്‍: ജീവന്റെ മഹത്വത്തിനായി ശക്തമായ നിലകൊണ്ട പ്രോലൈഫ് പ്രവർത്തക ഡോ. ചാർമെയ്ന്‍ യേസ്റ്റിനെ ഹെൽത്ത് ആന്റ് ഹ്യുമൻ സർവീസസ് അസിസ്റ്റൻറ് സെക്രട്ടറിയായി നിയമിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് പുതിയ നിയമനം നല്‍കിയിരിക്കുന്നത്. അമേരിക്കൻസ് യുണൈറ്റഡ് ഫോർ ലൈഫ് സംഘടനയുടെ മുൻ സി.ഇ.ഒ ആയിരുന്ന ഡോ. ചാർമെയ്ന്‍ അഞ്ചു മക്കളുടെ അമ്മ കൂടിയാണ്.
പ്രോലൈഫ് പ്രവർത്തനങ്ങൾക്കുള്ള ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയാണ് യേസ്റ്റിന്റെ നിയമനം വഴി വ്യക്തമാക്കുന്നതെന്ന് യുഎസ് ഹൗസ് പ്രതിനിധി പോൾ റയാൻ പറഞ്ഞു. അമേരിക്കയിലെ ആരോഗ്യ നയങ്ങളുടെ മേൽ ശക്തമായ സ്വാധീനം ചെലുത്തുന്ന സംഘടനയാണ് ഹെൽത്ത് ആന്റ് ഹ്യുമൻ സർവ്വീസസ്. ഗർഭനിരോധന ഉപാധികൾക്കെതിരെ ശക്തമായി വാദിക്കുന്ന യേസ്റ്റിന്റെ നിയമനം പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുകയാണ്.
ജീവന്റെ നിലനില്‍പ്പിനായി നിയമയുദ്ധം നടത്താനും തയ്യാറാണെന്നു നേരത്തെ ന്യൂയോർക്ക് ടൈംസ് മാസികയ്ക്ക് നല്കിയ അഭിമുഖത്തിൽ ഡോ. ചാർമെയ്ന്‍ പറഞ്ഞിരിന്നു. ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ജീവിക്കാനുള്ള നിയമപരമായ അവകാശങ്ങളുണ്ടെന്നും ഐ.യു.ഡി പോലെയുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ ഭ്രൂണങ്ങളുടെ നിലനില്പിനു തന്നെ ഭീഷണിയാണെന്നും പലതവണ ഡോ. ചാർമിയ് വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റ് ട്രംപിനൊപ്പം ഹെൽത്ത് ഹ്യുമൻ സർവ്വീസസ് അസിസ്റ്റൻറ് സെക്രട്ടറിയായി രാജ്യത്തെ സേവിക്കാനായതിൽ താൻ സന്തുഷ്ടയാണെന്ന് യേസ്റ്റ് പ്രതികരിച്ചു.