News - 2025
ഫാത്തിമ ശതാബ്ദി: കേരള സഭയില്‍ ആഹ്വാനം ചെയ്തിരിക്കുന്ന വിവിധ പരിപാടികള്‍
സ്വന്തം ലേഖകന്‍ 13-05-2017 - Saturday
കൊച്ചി: ഫാത്തിമ ശതാബ്ദി ആചരണത്തോടനുബന്ധിച്ചു കേരളസഭയിൽ വിവിധ പരിപാടികൾക്കു കേരള കത്തോലിക്കാ മെത്രാൻ സമിതി രൂപം നല്കി. ബിഷപ് സാമുവൽ മാർ ഐറേനിയോസ് നേതൃത്വം നല്കുന്ന കരിസ്മാറ്റിക് കമ്മീഷനാണു പൊതുവായ പ്രവർത്തനപദ്ധതികൾക്കു രൂപം നല്‍കിയത്. മാര്‍പാപ്പയുടെ നേതൃത്വത്തില്‍ ഫാത്തിമായില്‍ ഇന്ന് ശതാബ്ദി ആഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് വിവിധ പരിപാടികള്‍ക്ക് ആഹ്വാനം നല്‍കിയിരിക്കുന്നത്. കേരളത്തിലുള്ള പരിപാടികൾക്കു ഫാത്തിമ സെന്റിനറി സെലിബ്രേഷൻ കമ്മിറ്റി (എഫ്സിസിസി) നേതൃത്വം നല്‍കും. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൊതുവായി ചെയ്യാന്‍ കരിസ്മാറ്റിക്ക് കമ്മീഷൻ നിർദേശിച്ചിരിക്കുന്ന കാര്യങ്ങൾ:
1. ഇന്ന് എല്ലാ സോണുകളിലും ഓരോ മരിയൻ തീർഥാടനകേന്ദ്രത്തിൽ പ്രവർത്തനാംഗങ്ങൾ ഒന്നിച്ചുകൂടി മരിയൻ പ്രാർത്ഥനാദിനമായി ആചരിക്കുക.
2. നാളെ എല്ലാ ദേവാലയങ്ങളിലും ഫാത്തിമമാതാവിന്റെ രൂപമോ ഛായാചിത്രമോ പ്രതിഷ്ഠിച്ച് ജൂബിലി തിരി തെളിച്ച് ഫാത്തിമശതാബ്ദി ആഘോഷങ്ങൾക്കു തുടക്കം കുറിക്കുക.
3. എല്ലാ സോണിലും ഏതെങ്കിലും മരിയൻ തീർഥാടനകേന്ദ്രത്തിൽ മാസത്തിന്റെ 13-ാം തീയതിയോ ആദ്യ ശനിയാഴ്ചയോ എകദിനമരിയന് കണ്വെന്ഷന് നടത്തുക.
ഓഗസ്റ്റ് 12 മുതൽ 15 വരെ ഇരിങ്ങാലക്കുട രൂപതയിലെ ആളൂരിൽ നടക്കുന്ന അന്തർദേശീയ മലയാളി കരിസ്മാറ്റിക് സംഗമത്തിൽനിന്ന് ആരംഭിച്ചു കേരളത്തിലെ 24 രൂപതകളിലെയും പ്രധാന മരിയൻ ദേവാലയങ്ങളിലൂടെ ഫാത്തിമ തിരുസ്വരൂപപ്രയാണം നടത്തും. ഒക് ടോബർ 28-നു തിരുസ്വരൂപം വല്ലാർപാടം ബസിലിക്കയിൽ എത്തിച്ചേരും. അവിടെ നടത്തുന്ന ഏകദിന മരിയൻ കൺവൻഷനോടുകൂടി കേരളസഭയുടെ ഫാത്തിമ ശതാബ്ദി വർഷാചരണം ഔദ്യോഗികമായി സമാപിക്കും.