News

2019-ലെ ലോകയുവജന സമ്മേളനത്തിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി

സ്വന്തം ലേഖകന്‍ 16-05-2017 - Tuesday

പനാമ സിറ്റി: 2019-ല്‍ പനാമയിൽ നടക്കാനിരിക്കുന്ന ലോകയുവജന സമ്മേളനത്തിന്റെ ഔദ്യോഗിക ലോഗോ പനാമ അതിരൂപത പ്രകാശനം ചെയ്തു. വിവിധ സ്ഥലങ്ങളില്‍ നിന്നായി 103 ലോഗോകളാണ് അതിരൂപതയ്ക്ക് ലഭിച്ചത്. ഇതില്‍ നിന്ന്‍ 3 പേരടങ്ങുന്ന വിദഗ്ധസമിതിയാണ് ലോഗോ തിരഞ്ഞെടുത്തത്.

പനാമ യൂണിവേഴ്‌സിറ്റിയിലെ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിയായ ആംബർ കാൽവോയാണ് ലോഗോ തയാറാക്കിയത്. ആർച്ച് ബിഷപ് ജോസ് ഡോമിംഗോ ഉല്ലോവയാണ് ലോഗോ പ്രകാശനം ചെയ്തത്. രാജ്യത്തിന്റെ ലാളിത്യവും, ജനങ്ങളുടെ ഹൃദയത്തിന്റെ വലിപ്പവും എടുത്തുകാട്ടാനാണ് ലോഗോ ശ്രമിച്ചിരിക്കുന്നതെന്ന്‍ ബിഷപ്പ് പറഞ്ഞു.

അഞ്ചു ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിക്കുന്ന നക്ഷത്രങ്ങളും, പനാമ കനാലും, മറിയത്തിന്റെ സമർപ്പണവും, ലോകയുവജനസമ്മേളനത്തിന്റെ തീർത്ഥാടക ക്രൂശിതരൂപവും ലോഗോയില്‍ എടുത്ത്കാട്ടുന്നുണ്ട്. മറിയത്തിന്റെ വിമലഹൃദയത്തെ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് അക്ഷരമാലയിലെ ‘എം’ അക്ഷരത്തെ ആസ്പദമാക്കിയാണ് ലോഗോ.

2019 ലോകയുവജനസമ്മേളനത്തിന്റെ ആപ്തവാക്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്, 'ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനംപോലെ എന്നിൽ ഭവിക്കട്ടെ' എന്ന മറിയത്തിന്റെ വാക്കുകളാണ്. 2019 ജനുവരി 22 മുതല്‍ 29 വരെയാണ് പനാമയില്‍ ലോകയുവജനസമ്മേളനം നടക്കുന്നത്.


Related Articles »