News
ഫ്രാന്‍സിസ് പാപ്പ- ട്രംപ് കൂടികാഴ്ച നടന്നു
സ്വന്തം ലേഖകന്‍ 24-05-2017 - Wednesday
വത്തിക്കാന്‍സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഫ്രാന്‍സിസ് മാര്‍പാപ്പായും തമ്മില്‍ കൂടികാഴ്ച നടന്നു. ഏതാണ് 20 മിനിറ്റോളം നീളുന്ന സ്വകാര്യ ആശയവിനിമയമാണ് ഇരുവരും നടത്തിയത്. അപ്പസ്തോലിക് പാലസിലെ ലൈബ്രറി ഹാളിലായിരുന്നു കൂടിക്കാഴ്ച. ഇരുവരും തമ്മില്‍ ആദ്യമായാണ് കൂടികാഴ്ച നടത്തിയത്. ലോകം ഉറ്റുനോക്കുന്ന ഇന്നത്തെ കൂടിക്കാഴ്ചയില്‍ ഇരുവരും തമ്മില്‍ സംസാരിച്ച വിഷയങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, മരുമകന്‍ ജാരദ് എന്നിവരും ഉണ്ടായിരുന്നു. വത്തിക്കാന്റെ പ്രോട്ടോക്കോള്‍ അനുസരിച്ചു മെലാനിയയും ഇവാങ്കയും കറുത്ത നിറമുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഇരുവരും തലയില്‍ സ്കാര്‍ഫും അണിഞ്ഞിരിന്നു.
അമേരിക്കന്‍ സംഘത്തിനു മാര്‍പാപ്പ ജപമാല അടങ്ങിയ ബോക്സ് സമ്മാനിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിനുമായും വത്തിക്കാന്‍റെ വിദേശ കാര്യാലയ മേധാവി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗാല്ലഗെറുമായും ട്രംപ് കൂടികാഴ്ച നടത്തി.
സൗദി അറേബ്യയും ഇസ്രയേലും സന്ദര്‍ശിച്ച ശേഷമാണ് ട്രംപും സംഘവും വത്തിക്കാനിലെത്തിയത്. ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് റോമില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ട്രംപും സംഘവും സെന്റ് പീറ്റേഴ്സ് ബസലിക്കയും, സിസ്റെറന്‍ ചാപ്പലും സന്ദര്‍ശിച്ചു. ഇന്ന് ഇറ്റലിയുടെ പ്രസിഡന്റുമായും പ്രധാനമന്ത്രിയുമായും ട്രംപ് കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനത്തിനുശേഷം നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ട്രംപ് ബ്രസല്‍സിലേക്ക് യാത്ര തിരിക്കും.