News - 2025
ഫിലിപ്പീന്‍സില്‍ വാഹനങ്ങളില്‍ ഭക്തവസ്തുക്കള്‍ ഉപയോഗിക്കുന്നതിന് വിലക്ക്
സ്വന്തം ലേഖകന്‍ 23-05-2017 - Tuesday
മനില: ജപമാലയും മറ്റ് മതപരമായ വസ്തുക്കളും വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തി കൊണ്ട് ഫിലിപ്പീന്‍സ് സര്‍ക്കാര്‍. ഇക്കഴിഞ്ഞ ആഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഗവണ്‍മെന്‍റ് പുറപ്പെടുവിച്ചത്. യാത്രക്കാരുടെയും വാഹനത്തിന്റെയും സുരക്ഷയ്ക്ക് വേണ്ടിയാണ് പുതിയ നിയമം പ്രഖ്യാപിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ഫിലിപ്പീന്‍സില്‍ ഭൂരിഭാഗം ആളുകളും ജപമാലയും മറ്റ് ഭക്തവസ്തുക്കളും വാഹനങ്ങളില്‍ ഉപയോഗിക്കാറുണ്ട്.
ഇതിനെ വിലക്കി കൊണ്ടുള്ള ഉത്തരവിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. മതപരമായ ചിഹ്നങ്ങള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ ഭൂരിഭാഗം ഡ്രൈവര്‍മാരും സുരക്ഷിതത്വം അനുഭവിക്കുകയാണ് ചെയ്യുന്നതെന്ന് ഫിലിപ്പീന്‍സ് ബിഷപ്പ്സ് കോണ്‍ഫറന്‍സ് എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജെറോം സെസില്ലാനോ അഭിപ്രായപ്പെട്ടു.
അതേ സമയം ഫിലിപ്പീന്‍സില്‍ വധശിക്ഷ തിരികെ കൊണ്ട് വരുവാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നടക്കുന്ന റാലിയില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കാം എന്ന നിയമത്തിന് 2006-ല്‍ മുന്‍ പ്രസിഡന്റായ ഗ്ലോറിയ മാക്കാപാഗല്‍ അറോയോയുടെ കാലത്താണ് നിരോധനമേര്‍പ്പെടുത്തിയത്.
ഈ നിയമം തിരികെ കൊണ്ട് വരാനുള്ള നീക്കത്തിനെതിരെയാണ് ഫിലിപ്പീന്‍സ് കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ (CBCP) അല്‍മായ കൂട്ടായ്മയുടെ നേതൃത്വത്തില്‍ റാലി ആരംഭിച്ചത്. റാലി നാളെ സമാപിക്കാനിരിക്കെ, വാഹനത്തില്‍ ഭക്തവസ്തുക്കള്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ ക്രൈസ്തവ നേതൃത്വം കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുമെന്നാണ് സൂചന.