News - 2025

ജീവന്റെ മഹത്വത്തെ ഉയര്‍ത്തിപിടിച്ച് റോമില്‍ പ്രോലൈഫ് റാലി

സ്വന്തം ലേഖകന്‍ 22-05-2017 - Monday

റോം: ഭ്രൂണഹത്യക്കെതിരെയും ജീവന്റെ സംരക്ഷണത്തിനായും റോമില്‍ വാര്‍ഷിക പ്രോലൈഫ് റാലി നടത്തി. ഇക്കഴിഞ്ഞ മെയ് 20നു റോമില്‍ നടന്ന റാലിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരകണക്കിനു ആളുകളാണ് പങ്കെടുത്തത്. രാവിലേയും ഉച്ചക്ക് ശേഷവും പെയ്ത മഴക്ക് പോലും അവഗണിച്ചാണ് ആയിരങ്ങള്‍ റാലിയില്‍ പങ്കെടുത്തത്. റോമിലെ ആറാമത്തേയും, ഇറ്റലിയിലെ ഏഴാമത്തേയും റാലിയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച നടന്നത്.

2012-ലെ ‘മാതൃദിന'ത്തിലാണ്’ ആദ്യമായി റോമില്‍ പ്രോലൈഫ് റാലി സംഘടിപ്പിച്ചത്. ഓരോവര്‍ഷവും അബോര്‍ഷനെതിരായി അമേരിക്കയിലെ വാഷിംഗ്‌ടണ്‍ ഡി.സി യില്‍ നടത്തപ്പെടുന്ന റാലിയെ അനുകരിച്ചാണ് റോമിലും പ്രോലൈഫ് റാലി ആരംഭിച്ചത്. ജീവനേയും, മനുഷ്യസമൂഹങ്ങളുടേയും അടിസ്ഥാനമായ കുടുംബത്തേയും സ്നേഹിക്കുന്നുവെന്നും അതിനാല്‍ തങ്ങള്‍ ഗര്‍ഭഛിദ്രത്തിന് എതിരാണെന്നും റാലിയുടെ സംഘാടകരില്‍ ഒരാളായ അലെസ്സാണ്ട്രോ ഏലിയ പറഞ്ഞു.

ജീവന്റെ സംരക്ഷണത്തിനു വേണ്ടിയുള്ള റാലിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഫ്രാന്‍സിസ് പാപ്പാ തന്റെ അപ്പസ്തോലിക ആശീര്‍വാദം നല്‍കിയെന്നതും ശ്രദ്ധേയമാണ്. ഇറ്റലിയില്‍ മനുഷ്യ ജീവന്റെ അന്തസ്സ് ഉയര്‍ത്തിക്കാട്ടുവാന്‍ റാലിമൂലം സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പീയട്രോ പരോളിന്‍ ഒപ്പ് വെച്ച സന്ദേശത്തിലൂടെ ഫ്രാന്‍സിസ് പാപ്പാ അറിയിച്ചു.

പിയാസ്സ ഡെല്ലാ റിപ്പബ്ലിക്കായില്‍ നിന്നും സമാധാനപരമായി ആരംഭിച്ച റാലി കാവോര്‍ വഴി പ്രസിദ്ധമായ ഡെല്ലാ പാട്രിയ ദേശീയ സ്മാരകത്തിനടുത്തുള്ള പിയാസ്സ വെനേസ്സിയയിലാണ് അവസാനിച്ചത്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഈ റാലിയില്‍ പങ്കെടുക്കുവാന്‍ ആയിരങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്നുണ്ട്. സര്‍വ്വമത വിശ്വാസികള്‍ പങ്കെടുക്കുന്ന റാലി ആയിരുന്നുവെങ്കിലും, റാലിയുടെ തലേദിവസം രാത്രിയില്‍ സാന്റ്സ് ആന്‍ഡ്രീ ഡെല്ലെ ഫ്രാറ്റെയില്‍ പ്രത്യേക ആരാധന സംഘടിപ്പിച്ചിരിന്നു.

More Archives >>

Page 1 of 178