News
ഭൂഗര്‍ഭക്കല്ലറയില്‍ നിന്നും 1600 വര്‍ഷത്തോളം പഴക്കമുള്ള ബൈബിള്‍ ചുവര്‍ചിത്രങ്ങള്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍ 08-06-2017 - Thursday
ഇറ്റലി: റോമിലെ ഏറ്റവും പഴക്കമേറിയ സെന്റ് ഡോമീറ്റില്ല ഭൂഗര്‍ഭ കല്ലറകളില്‍ നിന്നും 1600-ഓളം വര്‍ഷങ്ങള്‍ പഴക്കമുള്ള ബൈബിള്‍ ചുവര്‍ചിത്രങ്ങള്‍ കണ്ടെത്തി. പൊടിയും എണ്ണ വിളക്കുകളില്‍ നിന്നുള്ള പുകകൊണ്ടുള്ള കരിയും അടങ്ങിയ പാളികള്‍ക്കിടയില്‍ മറഞ്ഞു കിടന്നിരുന്ന ചുവര്‍ ചിത്രങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയ പൊടിയും, അഴുക്കും, കരിയും പുരാവസ്തുഗവേഷകര്‍ നീക്കിയത്. ബൈബിള്‍ ആസ്പദമാക്കിയുള്ള ആളുകളും സംഭവങ്ങളുമാണ് ചുവര്‍ ചിത്രങ്ങളിലെ പ്രതിപാദ്യം.
പുരാതന റോമില്‍ ധാന്യകച്ചവടം ചെയ്തിരുന്ന സമ്പന്നരായ കച്ചവടക്കാരുടേതെന്ന് കരുതപ്പെടുന്ന കല്ലറകളുടെ മുകള്‍ത്തട്ടിനേയാണ് ബഹുവര്‍ണ്ണങ്ങളിലുള്ള ഈ ചിത്രങ്ങള്‍ അലങ്കരിച്ചിരിക്കുന്നത്. മെഡിറ്ററേനിയന്‍ ഭാഗങ്ങളില്‍ നിന്നും റോമിലേക്ക് വഞ്ചികളില്‍ ധാന്യങ്ങള്‍ എത്തിച്ചിരുന്നതും ഈ ചിത്രങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്.
മുകള്‍ത്തട്ടില്‍ വരച്ചിട്ടുള്ള ഒരു ചിത്രത്തില്‍ സമീപത്ത് രണ്ട് ആളുകള്‍ക്കൊപ്പം സിംഹാസനത്തിലിരിക്കുന്ന യേശുവിനേയാണ് ചിത്രീകരിച്ചിരിക്കുന്നത്. സമീപത്തിരിക്കുന്നവര്‍ വിശുദ്ധന്‍മാരായ പത്രോസും, പൗലോസോ അല്ലെങ്കില്‍ വിശുദ്ധ നേരിയൂസും വിശുദ്ധ ആക്കെല്ലിയൂസുമായിരിക്കാമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.
പഴയ നിയമത്തിലെ നോഹയേയും മോശയേയും നോഹയുടെ പെട്ടകവും ചിത്രങ്ങളില്‍ ഉണ്ട്. കൂടാതെ മരണാന്തര ജീവിതത്തിന്റെ അടയാളമായി വിഗ്രഹാരാധകര്‍ കരുതിവരുന്ന മയിലിന്റെ ചിത്രവും ഇതില്‍ ഉള്‍പ്പെടുന്നു. ആട്ടിടയനായ ക്രിസ്തുവും പ്രതിപാദ്യവിഷയമാണ്.
പുരാതനകാലത്തെ സമ്പന്നരായ റോമന്‍ ഉദ്യോഗസ്ഥര്‍ എപ്രകാരമാണ് തങ്ങളുടെ പ്രാകൃത വിശ്വാസങ്ങള്‍ ഉപേക്ഷിച്ച് ക്രിസ്തുമതത്തിലേക്ക് വന്നത് എന്നതിലേക്ക് വെളിച്ചം വീശുന്നതാണ് ചുവര്‍ ചിത്രങ്ങളെന്ന് നവീകരണപദ്ധതിയുടെ ഇന്‍ചാര്‍ജ്ജായ ബാര്‍ബറ മാസി അഭിപ്രായപ്പെട്ടു.
ഏതാണ്ട് പത്ത് മൈലുകളോളം പരന്നു കിടക്കുന്ന സെന്റ് ഡോമീറ്റില്ല ഭൂഗര്‍ഭ കല്ലറകള്‍ നാല് നിലകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ ഭൂഗര്‍ഭ ബസിലിക്കയും ഇടനാഴികളും, അറകളും കല്ലറകളും ഉള്‍പ്പെടുന്നു. ഏതാണ്ട് 1,50,000-ത്തോളം ക്രിസ്ത്യാനികളേയും, രക്തസാക്ഷികളേയും ഇതില്‍ അടക്കിയിട്ടുള്ളതായി കരുതപ്പെടുന്നു. വര്‍ഷംതോറും ആയിരകണക്കിന് വിനോദസഞ്ചാരികളാണ് ഭൂഗര്‍ഭകല്ലറകള്‍ സന്ദര്‍ശിക്കുന്നത്. വത്തിക്കാന്റെ സഹായത്തോട് കൂടി ഏഴ് വര്‍ഷം നീണ്ടുനില്‍ക്കുന്ന നവീകരണ പരിപാടികള്‍ ഈ കല്ലറകളില്‍ നടന്നു വരികയാണ്.
'ഭൂഗര്‍ഭ കല്ലറകളുടെ ക്രിസ്റ്റഫര്‍ കൊളംബസ്' എന്നറിയപ്പെടുന്ന പതിനാറാം നൂറ്റാണ്ടിലെ പുരാവസ്തുഗവേഷകനായ അന്റോണിയോ ബോസിയോ ആണ് ഈ ഭൂഗര്‍ഭ സെമിത്തേരി കണ്ടെത്തിയത്. മിക്ക ചുവര്‍ ചിത്രങ്ങളിലും അദ്ദേഹം തന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ശ്രദ്ധേയമാണ്.
മത പരിവര്‍ത്തനത്തിന്റെ നാള്‍വഴികളേയാണ് ഈ ചിത്രങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്ന് വത്തിക്കാന്‍ പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ തലവനായ കര്‍ദ്ദിനാള്‍ ജിയാന്‍ ഫ്രാങ്കോ റവാസി പറഞ്ഞു. ജൂണ്‍ മാസം തന്നെ ഭൂഗര്‍ഭ കല്ലറകളില്‍ ഒരു പുതിയ മ്യൂസിയം തുറക്കുവാനുള്ള പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.