News

വത്തിക്കാന്‍ റേഡിയോ ഇനി കൊറിയയിലും: വത്തിക്കാന് പുറത്തു നിന്നു സംപ്രേക്ഷണം ചെയ്യുന്നത് ഇതാദ്യം

സ്വന്തം ലേഖകന്‍ 12-06-2017 - Monday

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ റേഡിയോയുടെ കൊറിയന്‍ ഭാഷവിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ജൂണ്‍ 2-നായിരുന്നു വത്തിക്കാന് പുറത്തുള്ള ആദ്യ ഭാഷാ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്. തെക്കന്‍ കൊറിയയിലെ സിയോള്‍ അതിരൂപതയും വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഫോര്‍ കമ്മ്യൂണിക്കേഷനും തമ്മില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 14-ന് ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പുതിയ ഭാഷാ വിഭാഗം നിലവില്‍ വന്നത്. ചരിത്രത്തിലാദ്യമായാണ് വത്തിക്കാന് പുറത്തു നിന്ന്‍ വത്തിക്കാന്‍ റേഡിയോ സംപ്രേക്ഷണം ആരംഭിക്കുന്നത്.

മാര്‍പാപ്പായുടെ പ്രസംഗങ്ങളും സന്ദേശങ്ങളും വത്തിക്കാനിലേയും, ആഗോളതലത്തിലുള്ള പ്രാദേശിക സഭകളിലേയും പ്രധാനപ്പെട്ട സംഭവവികാസങ്ങള്‍ തുടങ്ങിയവ കൊറിയന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുകയും സംപ്രേഷണം ചെയ്യുകയും ചെയ്യുന്നതാണ് കൊറിയയിലെ വത്തിക്കാന്‍ റേഡിയോയുടെ ലക്ഷ്യം. സിയോളിലെ കര്‍ദ്ദിനാള്‍ ആന്‍ഡ്ര്യൂ യോം സൂ-ജങ്ങും വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ ഡാരിയോ എഡോറാഡോ വിഗാനോയും തമ്മില്‍ പുതിയ കൊറിയന്‍ ഭാഷാവി ഭാഗത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി.

പ്രാദേശിക ഭാഷയും വത്തിക്കാനും തമ്മിലുള്ള സഹകരണത്തിന്റെ ഉത്തമ മാതൃകയാണ് പുതിയ ഭാഷാവിഭാഗമെന്ന് മോണ്‍സിഞ്ഞോര്‍ ഡാരിയോ അഭിപ്രായപ്പെട്ടു. തര്‍ജ്ജമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ കൊറിയയില്‍ നടക്കുന്നതിനാല്‍ സഭാസംബന്ധമായ കാര്യങ്ങള്‍ ഒട്ടും വൈകാതെ തന്നെ കൊറിയയിലെ കത്തോലിക്കര്‍ക്ക് അറിയുവാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വത്തിക്കാനുമായുള്ള ധാരണാപ്രകാരം എട്ട് തര്‍ജ്ജമക്കാരും ഒരു എഡിറ്ററുമടങ്ങുന്ന ഒമ്പത് പേരുടെ സംഘത്തെ കൊറിയന്‍ സഭ ഇതിനോടകം നിയമിച്ചു കഴിഞ്ഞു, നിര്‍മ്മാണത്തിനും സംപ്രേഷണത്തിനും വേണ്ട സാമഗ്രികള്‍ നല്‍കുന്നത് വത്തിക്കാനാണ്. കര്‍ദ്ദിനാള്‍ ആന്‍ഡ്ര്യൂ യോമിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അതിരൂപതാ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ്‌ മീഡിയാ വിഭാഗമായിരിക്കും തര്‍ജ്ജമക്ക് മേല്‍നോട്ടം വഹിക്കുക.

വത്തിക്കാന്‍ റേഡിയോയുടെ പുതിയ ഭാഷാവിഭാഗത്തിന് റോമിലും സിയോളിലും ഓരോ ഓഫീസുകള്‍ ഉണ്ടായിരിക്കും. ഇരുസ്ഥലങ്ങളിലുമായി എട്ട് പുരോഹിതരും ഏഴ് അത്മായരുമടങ്ങുന്ന സംഘമാണ് ഈ പുതിയ ഭാഷാവിഭാഗത്തിനു ചുക്കാന്‍ പിടിക്കുന്നത്.

More Archives >>

Page 1 of 185