News - 2025
ക്രിസ്തുവിന് 'പിശാച്' എന്നു വിശേഷണം നല്‍കി ഗുജറാത്തിലെ പാഠപുസ്തകം
സ്വന്തം ലേഖകന്‍ 09-06-2017 - Friday
അഹമ്മദാബാദ്: ഗുജറാത്തിലെ ഒന്‍പതാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ യേശുവിനെ 'പിശാച്' എന്ന്‍ വിശേഷിപ്പിച്ചത് വിവാദത്തില്‍. സ്‌റ്റേറ്റ് സിലബസില്‍ ഒന്‍പതാം ക്ലാസിലെ ഹിന്ദി പുസ്തകത്തിലാണ് വിവാദ പരാമര്‍ശം. 'ഭാരതീയ സംസ്‌കൃതി മേ ഗുരു ശിക്ഷ്യ സംബന്ധ്' (ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഗുരുശിക്ഷ്യ ബന്ധം) എന്ന പേരിലുള്ള പതിനാറാം പാഠത്തിലെ എഴുപതാം പേജിലാണ് ക്രിസ്തുവിനെ നിന്ദിച്ചു കൊണ്ടുള്ള പരാമര്‍ശം.
പുസ്തകത്തിലെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. ഇക്കാര്യം ഒരുമാസം മുന്‍പേ സര്‍ക്കാരിനെ അറിയിച്ചിരുന്നതായി സംസ്ഥാനത്തെ ക്രൈസ്തവ സമൂഹം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് സ്‌റ്റേറ്റ് സ്‌കൂള്‍ ടെക്‌സ്റ്റ് ബുക്ക് (ജിഎസ്എസ്ടിബി )ബോര്‍ഡിനേ വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ ഗുജറാത്തിലെ വക്താവ് ഫാ.വിനായക് ജാധവ് രംഗത്തുണ്ട്. ഗുരുതരമായ ഈ തെറ്റ് ഒരു മാസം മുന്‍പേ സഭ ചൂണ്ടിക്കാട്ടിയിരുന്നുവെന്നു അദ്ദേഹം പറഞ്ഞു.
ഏറെ പ്രധാനപ്പെട്ട തെറ്റ് ബോര്‍ഡ് ചെയര്‍മാനേയും വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷനെയും അറിയിച്ചിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഐക്യ ക്രൈസ്തവ ഫോറം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനു മുമ്പാകെ പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ടൈപ്പ് ചെയ്തപ്പോള്‍ സംഭവിച്ച പിഴവാണെന്നാണ് ടെക്സ്റ്റുബുക്ക് കമ്മറ്റി ചെയര്‍മാന്‍ നിഥിന്‍ പേഥനിയുടെ വാദം. ഹിന്ദിയില്‍ ഹൈവ എന്ന വാക്ക് ഹൈവാന്‍ എന്ന് ടൈപ്പ് ചെയ്തപ്പോള്‍ അര്‍ത്ഥം മാറിപ്പോയതാണെന്നാണ് വിശദീകരണം നല്കിയിരിക്കുന്നത്.