News

നിരീശ്വരവാദിയില്‍ നിന്ന് യേശുവിലേക്ക്: ഈതല മേലയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 12-06-2017 - Monday

വത്തിക്കാൻ സിറ്റി: ജീവിതത്തിന്റെ ആരംഭ കാലഘട്ടത്തിൽ നിരീശ്വരവാദിയായി ജീവിക്കുകയും പിന്നീട് ക്രിസ്തുവിനായി സ്വജീവിതം സമര്‍പ്പിക്കുകയും ചെയ്ത ഈതല മേലയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. ജൂണ്‍ 10 ശനിയാഴ്ച വടക്കെ ഇറ്റലിയിലെ ലാ-സ്പേസ്സിയയില്‍ (La Spezzia) വെച്ചു നടന്ന ചടങ്ങിലാണ് ഈതല മേലാ (Itala Mela) എന്ന ധന്യയായ അല്‍മായ സ്ത്രീയെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് സഭ ഉയര്‍ത്തിയത്. നാമകരണ നടപടികളുടെ തിരുസംഘതലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി.

1904ൽ വടക്കേ ഇറ്റലിയില്‍ നിരീശ്വരവാദികളായ മാതാപിതാക്കളുടെ മകളായാണ് ഈതല ജനിച്ചത്. യുക്തിവാദത്തിലും ദൈവനിഷേധത്തിലും ഊന്നിയ ജീവിതം നയിച്ച ഈതലയുടെ മാതാപിതാക്കള്‍ തങ്ങളുടെ നിരീശ്വരവാദം മകള്‍ക്കും പകര്‍ന്ന് നല്‍കുകയായിരിന്നു. സന്തോഷത്തോടെ ജീവിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഈതലയുടെ സഹോദരൻ എന്റിക് മരണമടയുന്നത്. ഈതലക്കു ഒൻപതു വയസ്സു പ്രായമുള്ളപ്പോളാണ് മരണം സംഭവിച്ചത്.

സഹോദരന്റെ വിയോഗം ഈതലയെ മാനസികമായി വല്ലാതെ തളര്‍ത്തുകയായിരിന്നു. തുടർന്ന് ദൈവത്തിനോട് പൂര്‍ണ്ണമായും 'നോ' പറഞ്ഞു ദൈവത്തെ നിന്ദിച്ച് യുക്തിവാദത്തിലും സഭാവിദ്വേഷ പ്രവർത്തനങ്ങളിലും അവള്‍ ആശ്വാസം കണ്ടെത്തി. സ്വന്തം സഹോദരന്‍ ഒന്‍പതാം വയസ്സില്‍ മരിച്ചതാണ് അവളുടെ ആത്മനാശത്തിനു കാരണമായതെങ്കില്‍ ഒരു കപ്പൂച്ചിന്‍ ആശ്രമത്തിലെ കുമ്പസാരം അവളെ ആകെ മാറ്റിമറിക്കുകയായിരിന്നു.

ആഴമായ അനുതാപത്തോടെയുള്ള കുമ്പസാരത്തിന് ശേഷം തന്റെ തെറ്റുകൾക്ക് പൂര്‍ണ്ണ പരിഹാരം കണ്ടെത്തുവാനുള്ള വഴികള്‍ അവള്‍ തീരുമാനിച്ചു. പാപത്തിന്റെ പടച്ചട്ട ഉപേക്ഷിച്ച് ക്രിസ്തുവിന് തന്നെ തന്നെ സമർപ്പിക്കാൻ തീരുമാനിച്ച ഈതല ബെനഡിക്റ്റൻ സഭയില്‍ അംഗമായി. മരിയ ഡെല്ലാ ട്രിനിറ്റ എന്ന പേരാണ് ഈതല സ്വീകരിച്ചത്. 1933ൽ ജന്മനാട്ടിൽ തിരിച്ചെത്തിയ ഈതല പിന്നീടുള്ള തന്റെ ശുശ്രൂഷ സജീവമാക്കി. 1957ൽ ആണ് ഈതല മേലാ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്.

More Archives >>

Page 1 of 185