News - 2025
ഫ്രാന്‍സിസ് പാപ്പായുടെ ‘അമോരിസ് ലറ്റീഷ്യാ’ കത്തോലിക്കാ സഭാ പ്രബോധനങ്ങളുടെ തുടര്‍ച്ച : പോളണ്ടിലെ മെത്രാന്‍ സമിതി
സ്വന്തം ലേഖകന്‍ 13-06-2017 - Tuesday
സാങ്കോപേൻ: വിവാഹമോചിതരുടേയും, പുനര്‍വിവാഹിതരുടേയും ദിവ്യകാരുണ്യ സീകരണത്തെക്കുറിച്ചുള്ള തിരുസഭാ നിലപാടിനെ, ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്തോലിക പ്രബോധനമായ ‘അമോറിസ് ലെറ്റീഷ’ യാതൊരുവിധത്തിലും ചോദ്യംചെയ്യുന്നില്ല എന്ന് പോളണ്ടിലെ മെത്രാന്‍ സമിതി. ഇക്കാര്യത്തില്‍ കാലാകാലങ്ങളായി തിരുസഭ പിന്തുടര്‍ന്നുവരുന്ന പ്രബോധനങ്ങളുടെ തുടര്‍ച്ചമാത്രമാണ് ഫ്രാന്‍സിസ് പാപ്പായുടെ ശ്ലൈഹികാഹ്വാനമെന്ന് മെത്രാന്‍ സമിതി അഭിപ്രായപ്പെട്ടു.
കുടുംബങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ 2014-15 വർഷങ്ങളിൽ വിളിച്ചു കൂട്ടിയ സിനഡിനെ തുടർന്ന്, ഫ്രാൻസിസ് മാർപ്പാപ്പ പുറപ്പെടുവിച്ച ശ്ലൈഹികാഹ്വാനമാണ് (Apostolic Exhortation) അമോറിസ് ലെറ്റീഷ (Amoris Laetitia). ലത്തീൻ ഭാഷയിലുള്ള ഈ പേരിന് സ്നേഹത്തിന്റെ സന്തുഷ്ടി (Joy of Love) എന്നാണർത്ഥം.
പോളണ്ടിലെ സാങ്കോപേനില്‍ വെച്ച് കഴിഞ്ഞയാഴ്ച കൂടിയ പ്ലീനറി യോഗത്തിന് ശേഷം പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് പോളണ്ടിലെ മെത്രാന്‍ സമിതി തങ്ങളുടെ അഭിപ്രായം അറിയിച്ചത്. കൗദാശികമല്ലാത്ത രീതിയിലൂടെയുള്ള പരസ്പര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന കത്തോലിക്കരായ ദമ്പതികള്‍ ശരിയായ അനുതാപവും, കൗദാശികമായ അനുരജ്ഞനവും നിറഞ്ഞ ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രസ്താവനയില്‍ പറയുന്നു.
ഇക്കാര്യത്തില്‍ തിരുസഭാ പ്രബോധനങ്ങളുടെ ഒരു തുടര്‍ച്ചയാണ് ഫ്രാന്‍സിസ് പാപ്പായുടെ ‘അമോരിസ് ലറ്റീഷ്യാ’ എന്നും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ശ്ലൈഹികാഹ്വാനമായ ‘ഫാമിലിയാരിസ് കൊണ്‍സോര്‍ഷ്യോ’യുമായി തികച്ചും ചേര്‍ന്നു പോകുന്നതാണ് ‘അമോറിസ് ലെറ്റീഷ’ എന്നും മെത്രാന്‍ സമിതി ചൂണ്ടിക്കാണിച്ചു.
വിവാഹമോചിതരുടേയും, പുനര്‍വിവാഹിതരുടേയും കാര്യത്തില്‍ ഒരു പുതിയ സമീപനം സ്വീകരിക്കേണ്ടത് ആവശ്യമാണ്, സഭാജീവിതത്തില്‍ അവരേയും ഉള്‍പ്പെടുത്തുവാന്‍ സഭാ മക്കള്‍ ശ്രദ്ധിക്കണമെന്ന് പോളണ്ടിലെ മെത്രാന്‍ സമിതിയുടെ ഔദ്യോഗിക വക്താവായ ഫാ. പാവെല്‍ അന്‍ഡ്രിയാനിക്ക് പറഞ്ഞു. എന്നിരുന്നാലും അവരെ ദിവ്യകാരുണ്യം സ്വീകരിക്കുവാന്‍ അനുവദിച്ചുകൂടായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.