News - 2025
അഹിയാര രൂപതയിലെ വൈദികർക്ക് ഫ്രാൻസിസ് മാർപാപ്പയുടെ കർശന താക്കീത്
സ്വന്തം ലേഖകന്‍ 13-06-2017 - Tuesday
അബുജ: നൈജീരിയയിലെ അഹിയാര രൂപതയിൽ നിയുക്തനായ ബിഷപ്പിനെ സ്വീകരിച്ച് അനുസരിക്കാത്ത പക്ഷം വൈദികരെ, അവരുടെ പദവികളിൽ നിന്നും പുറത്താക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ താക്കീത് നല്കി. നൈജീരിയൻ മെത്രാൻ സമിതി പ്രസിഡന്റ്, ആർച്ച് ബിഷപ്പ് ഇഗ്നേഷ്യസ് കയിഗാമയുടെ ബ്ലോഗിലാണ് ജൂൺ ഒൻപതിന് ഫ്രാൻസിസ് പാപ്പയുടെ ഇംഗ്ലീഷിൽ എഴുതിയ സന്ദേശം പ്രസിദ്ധീകരിച്ചത്.
2012-ൽ ബനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പയാണ് പീറ്റർ എബിരെ ഒക്പലാകേയയെ അഹിയാര രൂപതയുടെ ബിഷപ്പായി നിയമിച്ചത്. എന്നാൽ തദ്ദേശീയനല്ലാത്ത ബിഷപ്പിനെ സ്വീകരിക്കുന്നതിൽ വൈദികർ വിമുഖത പ്രകടിപ്പിച്ചു. വൈദികരുടെ എതിർപ്പുമൂലം രൂപതയുടെ ചുമതല ഏറ്റെടുക്കുവാൻ അദ്ദേഹത്തിനു സാധിച്ചില്ല.
ഈ പ്രതിസന്ധി, ചർച്ച ചെയ്യാൻ സഭാ നേതാക്കന്മാർ ജൂൺ എട്ടിന് ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദർശിച്ചിരുന്നു. രൂപതയിലെ സ്ഥിതിഗതികൾ സ്വീകാര്യമല്ല എന്നും യോജിച്ച നടപടിയെടുക്കാൻ മാർപ്പാപ്പയ്ക്ക് അധികാരമുണ്ടെന്നും വത്തിക്കാനിൽ നിന്ന് അറിയിച്ചു. ബ്ലോഗിലൂടെ പുറത്തുവന്ന, ഫ്രാൻസിസ് മാർപ്പാപ്പയുടെ സന്ദേശം ജൂൺ പത്തിന്, വത്തിക്കാൻ പ്രസ്സ് ഓഫീസ് വാർത്തയിൽ പ്രസിദ്ധീകരിച്ചതായി അബു ജയിലെ കർദിനാൾ ജോൺ ഓലോറുൺ ഫെമി ഒനയികൻ പറഞ്ഞു.