News

കൃപ ലഭിച്ചവർക്കു മാത്രമേ യേശുവിനെ ദൈവമായി കാണാനും ജീവിതത്തിലേക്കു സ്വീകരിക്കാനും കഴിയൂ: മാർ ജോസഫ് സ്രാമ്പിക്കൽ

സ്വന്തം ലേഖകന്‍ 13-06-2017 - Tuesday

കൃപ ലഭിച്ചവർക്കു മാത്രമേ യേശുവിനെ ദൈവമായി കാണാനും ജീവിതത്തിലേക്കു സ്വീകരിക്കാനും കഴിയൂ എന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. "യേശുവിനെ ഒരു റബ്ബിയായും പ്രവാചകനായും സ്വീകരിക്കുവാൻ എല്ലാവർക്കുംസാധിക്കും. എന്നാൽ യേശു ദൈവമാണെന്ന് തിരിച്ചറിയുവാനും സ്വന്തം ജീവിതത്തിലേക്കു സ്വീകരിക്കുവാനും പ്രത്യേകമായ കൃപ ആവശ്യമാണ്" അദ്ദേഹം പറഞ്ഞു. ഒക്ടോബർ മാസം നടക്കുന്ന അഭിഷേകാഗ്നി ബൈബിൾ കൺവെൻഷന് മുന്നോടിയായിട്ടുള്ള ഒരുക്ക ധ്യാനത്തിൽ ദിവ്യബലിമധ്യേ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ബൈബിളിൽ നിന്നും ലാസറിന്റെ സഹോദരിമാരായ മർത്തായുടെയും മറിയത്തിന്റെയും ജീവിതം വിശദീകരിച്ചുകൊണ്ടായിരുന്നു, ഈശോയെ ദൈവമായി കാണുകയും ആരാധിക്കുകയും ജീവിതത്തിലേക്കു സ്വീകരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചത്.

"ഈശോ ബഥാനിയായിലെ ലാസറിന്റെ ഭവനം സന്ദർശിക്കുമ്പോഴൊക്കെ മർത്തായും മറിയവും വ്യത്യസ്ത രീതിയിലായിരുന്നു ഈശോയെ സ്വീകരിച്ചിരുന്നത്. മർത്താ ഈശോയെ ഒരു സാധാരണ യഹൂദനായി കണ്ടുകൊണ്ട് അവളുടെ ഭൗതികകാര്യങ്ങളിൽ വ്യാപൃതയാകുന്നു. എന്നാൽ മറിയാമാകട്ടെ തന്റെ ഭൗതികകാര്യങ്ങൾ മാറ്റിവച്ചുകൊണ്ട് ഈശോയെ ദൈവമായി കണ്ടുകൊണ്ട് സ്വീകരിക്കുകയും അവിടുത്തെ കാൽക്കൽ ഇരുന്നുകൊണ്ട് വചനം ശ്രവിക്കുകയും ചെയ്യുന്നു. അവന്റെ അധരത്തിൽ നിന്നും വരുന്ന ഓരോ വാക്കും കേട്ട് അവൾ അവനെ ആരാധിച്ചുകൊണ്ടിരുന്നു." അദ്ദേഹം പറഞ്ഞു.

നമ്മൾ ദിവ്യബലിയിലും, ആരാധനയിലും, വചനശുശ്രൂഷകളിലും പങ്കെടുക്കുമ്പോൾ ഈശോ ആരാണ് എന്നു തിരിച്ചറിഞ്ഞ് അതിനു പറ്റിയ ഒരുക്കത്തോടും ഗൗരവത്തോടും കൂടിയാണോ പങ്കെടുക്കുന്നത്? അദ്ദേഹം ചോദിച്ചു. മൂന്നു വർഷം യേശുവിന്റെ കൂടെ നടന്നിട്ടും അവിടുന്ന് ആരാണെന്നു തിരിച്ചറിയാത്തതിനാൽ സ്വന്തം പാപത്തിൽ മരിക്കേണ്ടി വന്ന യൂദാസിന്റെ ജീവിതം ചൂണ്ടിക്കാണിച്ചുകൊണ്ട് ഈശോയെ ദൈവമായി കാണുകയും ആരാധിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികൾക്ക് മുന്നറിയിപ്പുനൽകി.

ഒക്ടോബർമാസം നടക്കുന്ന അഭിഷേകാഗ്നി കൺവെൻഷന് വേണ്ടി മധ്യസ്ഥപ്രാർത്ഥനകളും ക്രമീകരണങ്ങളും ഭംഗിയായി നടത്തുവാൻ അദ്ദേഹം വൈദികരെയും വിശ്വസികളെയും ഉദ്‌ബോധിപ്പിച്ചു. മാഞ്ചെസ്റ്റർ റീജിയനിലെ 19 മാസ് സെന്ററുകൾക്കും വേണ്ടി ഇന്നലെ സെന്‍റ് ജോസഫ് ദേവാലയത്തില്‍ നടന്ന ശുശ്രൂഷകൾക്ക് മാർ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം സെഹിയോന്‍ യു‌കെ ഡയറക്റ്റര്‍ ഫാ. സോജി ഓലിക്കല്‍, വികാരി ജനറൽ ഫാ. സജി മലയിൽ പുത്തൻപുരയിൽ, ഫാ. ഫാൻസുവാ പത്തിൽ, ഫാ. തോമസ് തൈക്കൂട്ടത്തിൽ, ഫാ. ലോനപ്പൻ അരങ്ങാശ്ശേരി, ബ്രദര്‍ റെജി കൊട്ടാരം, പ്രമുഖ ഗാനരചയിതാവും സംഗീത സംവിധായകനുമായ പീറ്റര്‍ ചേരാനല്ലൂര്‍ എന്നിവര്‍ നേതൃത്വം നൽകി.

More Archives >>

Page 1 of 186