News - 2025
നഴ്‌സുമാര്‍ക്കു ന്യായമായ വേതനം ലഭിക്കേണ്ടതു സാമാന്യ നീതി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
സ്വന്തം ലേഖകന്‍ 03-07-2017 - Monday
കൊച്ചി: നഴ്‌സുമാര്‍ക്കു ന്യായമായ വേതനം ലഭിക്കേണ്ടതു സാമാന്യ നീതിയുടെ വിഷയമായി കാണണമെന്നും അര്‍ഹമായ വേതനം നല്‍കാതെ കത്തോലിക്കാ ആശുപത്രികള്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കുന്നതു പ്രോത്സാഹിപ്പിക്കരുതെന്നും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭാദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന വേതനം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കു ഉറപ്പാക്കണമെന്നും കര്‍ദിനാള്‍ നിർദ്ദേശിച്ചു.
കത്തോലിക്കാ സഭയുടെ ആശുപത്രികളില്‍ നഴ്‌സുമാര്‍ക്കു സാധിക്കാവുന്ന വിധം ന്യായമായ വേതനം നല്‍കുന്നുണ്ടെന്നാണു കരുതുന്നത്. എന്നാല്‍ ന്യായമായ വേതനം ലഭിക്കാത്ത സ്ഥാപനങ്ങളുമുണ്ടെന്ന പരാതി ഉയരുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം പറയേണ്ടിവരുന്നത്. ഈ മേഖലയില്‍ ഇപ്പോഴുള്ള സമരാഹ്വാനത്തിലൂടെ നഴ്‌സുമാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളെല്ലാം ശരിയാണോ എന്നു പരിശോധിക്കുന്നില്ല.
എന്നാല്‍ സമൂഹത്തിലെ പ്രധാനപ്പെട്ട ശുശ്രൂഷ ചെയ്യുന്ന നഴ്‌സുമാര്‍ക്കു ജീവിതത്തിനാവശ്യമായ ന്യായമായ വേതനം ലഭിക്കേണ്ടതു സാമാന്യ നീതിയുടെ വിഷയമായി കാണണം. വേതനവര്‍ധനവില്‍ ബന്ധപ്പെട്ട സമിതി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ ഉത്തരവുണ്ടാകുമ്പോള്‍ ശമ്പള സ്‌കെയില്‍ പരിഷ്‌കരിക്കാമെന്നു കത്തോലിക്കാ ആശുപത്രി മാനേജ്‌മെന്റുകള്‍ നിലപാടു വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തില്‍ ആശുപത്രികള്‍ നടത്തുന്ന നിരവധിയായ ഇതര മാനേജ്‌മെന്റുകളും ഇതേ നിലപാടു സ്വീകരിക്കണം. നഴ്‌സുമാരുടെ ശമ്പളം സംബന്ധിച്ചു സര്‍ക്കാരിന്റെ തീരുമാനം വേഗത്തിലുണ്ടാവണമെന്നും കര്‍ദിനാള്‍ പറഞ്ഞു.