News - 2025

ബേട്ടിയ രൂപതയ്ക്കു പുതിയ അധ്യക്ഷന്‍

സ്വന്തം ലേഖകന്‍ 24-07-2017 - Monday

പാറ്റ്ന: ബീഹാറിലെ ബേട്ടിയ രൂപതയുടെ പുതിയ അധ്യക്ഷനായി റവ. ഫാ. പീറ്റര്‍ സെബാസ്റ്റ്യന്‍ ഗൊവേസിനെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. ജൂലൈ 22 ശനിയാഴ്ചയാണ് ഫ്രാന്‍സിസ് പാപ്പ പുതിയ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. 2013 ജൂലൈയില്‍ രൂപതാധ്യക്ഷനായിരുന്ന ബിഷപ്പ് എഡ്വേര്‍ഡ് വിക്ടര്‍ ഹെന്‍റി താക്കൂര്‍ റായ്പൂര്‍ രൂപതാധ്യക്ഷനായി സ്ഥലം മാറിയതിനെ തുടര്‍ന്നു ഒഴിവായിരുന്ന അധ്യക്ഷസ്ഥാനത്തേയ്ക്കാണ് റവ. ഫാ. പീറ്റര്‍ സെബാസ്റ്റ്യന്‍ നിയമിതനാകുന്നത്.

1955 ഫെബ്രുവരി 8നു മാംഗ്ലൂരില്‍ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഭഗല്‍പൂര്‍ രൂപതയുടെ സെമിനാരിയില്‍ ചേര്‍ന്നു. 1983 ഡിസംബര്‍ ഒന്‍പതാം തീയതി പൗരോഹിത്യം സ്വീകരിച്ച ഇദ്ദേഹം വിവിധ ഇടവകകളില്‍ വികാരി, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍, പ്രീസ്റ്റ്സ് കൗണ്‍സിലിന്‍റെ രൂപതാ കണ്‍സള്‍ട്ടര്‍ എന്നീ നിലകളില്‍ ശുശ്രൂഷ നിര്‍വഹിച്ചിട്ടുണ്ട്.

1998-ലാണ് പാറ്റ്ന അതിരൂപതയുടെ കീഴിലുള്ള ബേട്ടിയ രൂപത സ്ഥാപിതമായത്. 2013-ല്‍ ബിഷപ്പ് എഡ്വേര്‍ഡ് വിക്ടര്‍ ഹെന്‍റി സ്ഥലം മാറിയതിനെ തുടര്‍ന്നു രൂപതയില്‍ മെത്രാന്‍ ഇല്ലായിരിന്നു. ഇക്കാലയളവില്‍ ജെസ്യൂട്ട് വൈദികനായ ലോറന്‍സ് പശ്ചാല്‍ ആണ് രൂപതയുടെ കാര്യനിര്‍വ്വാഹകനായി വര്‍ത്തിച്ചിരിന്നത്. ഭഗല്‍പൂര്‍ രൂപതയുടെ വികാര്‍ ജനറലായി സേവനം ചെയ്യുന്നതിനിടെയാണ് ഫാ. പീറ്റര്‍ സെബാസ്റ്റ്യന് പുതിയ നിയമനം ലഭിക്കുന്നത്.

More Archives >>

Page 1 of 202