News - 2025

റോമന്‍ റോട്ടായില്‍ പുതിയ അംഗങ്ങളെ മാര്‍പാപ്പ നിയമിച്ചു

സ്വന്തം ലേഖകന്‍ 21-07-2017 - Friday

വത്തിക്കാന്‍ സിറ്റി: പാശ്ചാത്യ ലോകത്തെ ഏറ്റവും പഴയ നീതിന്യായ സംവിധാനമായ കത്തോലിക്കസഭയുടെ റോമന്‍ റോട്ടായില്‍ പുതിയ അംഗങ്ങളെ മാര്‍പാപ്പ നിയമിച്ചു. ഫാദര്‍ പിയറാഞ്ചലോ പിയട്രാകാറ്റെല്ലാ, ഫാദര്‍ ഹാന്‍സ്-പീറ്റര്‍ ഫിഷര്‍ എന്നിവരെയാണ് റോമന്‍ റോട്ടായിലെ പുതിയ അംഗങ്ങളായി ഫ്രാന്‍സിസ് പാപ്പാ നാമനിര്‍ദ്ദേശം ചെയ്തത്. റോമന്‍ കൂരിയ നവീകരണത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് പാപ്പാ നടത്തിവരുന്ന നിയമന പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ നിയമനമാണിത്. ജൂലൈ 20-നാണ് പാപ്പാ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഇറ്റലിയുടെ വടക്ക് ഭാഗത്തുള്ള ടോറോന്റാ രൂപതയില്‍ നിന്നുമുള്ള ഫാ. പിയട്രാകാറ്റെല്ലായാണ് റോമന്‍ റോട്ടായിലെ ഓഫീസ് നിയന്ത്രണം ഏറ്റെടുക്കുക. ജര്‍മ്മനിയിലെ ബ്ലാക്ക് ഫോറസ്റ്റിലെ ഫ്രീബര്‍ഗ് അതിരൂപതയിലെ പുരോഹിതനായ ഫാ. ഫിഷറിനെ റോമന്‍ റോട്ടായിലെ ഓഡിറ്റര്‍ (ജഡ്ജി) ആയിട്ടാണ് മാര്‍പാപ്പ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. വത്തിക്കാനിലെ കാമ്പോ സാന്റോയിലെ പൊന്തിഫിക് റ്റ്യൂറ്റോണിക് കോളേജിലെ റെക്ട്ടറായി സേവനം ചെയ്തുവരികയായിരുന്നു അദ്ദേഹം.

റോമന്‍ റോട്ടാ, അപ്പോസ്തോലിക് പെനിറ്റെന്‍ഷ്യറി, അപ്പസ്തോലിക് സിഗ്നാച്ചുറ എന്നിവയാണ് കത്തോലിക്കാ സഭയുടെ സമ്പൂര്‍ണ്ണ നീതിന്യായ വ്യവസ്ഥയില്‍ ഭാഗഭാക്കായിട്ടുള്ളത്. പാശ്ചാത്യ ലോകത്തെ ഏറ്റവും പഴയ നീതിന്യായ വ്യവസ്ഥയാണിത്‌. പതിമൂന്നാം നൂറ്റാണ്ടിലാണ് ഇത് നിലവില്‍ വന്നതെന്ന് കരുതപ്പെടുന്നു. വൃത്താകൃതിയിലുള്ള റൂമിലിരുന്നാണ് ജഡ്ജിമാര്‍ വാദങ്ങള്‍ കേള്‍ക്കുന്നതിനാലാണ് ‘റോട്ടാ’ (ചക്രം) എന്ന പേര്‍ ഈ കോടതിക്ക് ലഭിച്ചത്. ഓഡിറ്റേഴ്സ് എന്ന പേരില്‍ അറിയപ്പെടുന്ന 10 ജഡ്ജിമാരാണ് കോടതിയില്‍ ഉള്ളത്.

ബെനഡിക്ട് പാപ്പായുടെ കാലത്ത് നിയമനം ലഭിച്ച ഉദ്യോഗസ്ഥരുടെ കാലാവധി അവസാനിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ തിരുസഭാനവീകരണ പദ്ധതിയുടെ ഭാഗമായി തന്റെ ആശയങ്ങള്‍ക്കനുസൃതമായിട്ടുള്ളവരെ നിയമിക്കുകയാണ് ഫ്രാന്‍സിസ് പാപ്പാ. ജൂലൈ 1-ന് കര്‍ദിനാള്‍ ലൂയിസ് ലഡാരിയയെ വിശ്വാസ തിരുസംഘത്തിന്റെ തലവനായി നിയമിച്ചതും, ജൂലൈ 18-ന് ഫാദര്‍ ജിയാക്കോമോ മൊറാണ്ടിയെ വിശ്വാസ തിരുസംഘത്തിന്റെ സെക്രട്ടറിയായി നിയമിച്ചതും സഭാനവീകരണ നടപടികളുടെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

More Archives >>

Page 1 of 201