News - 2025
ജറുസലേം സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി ക്രൈസ്തവ നേതൃത്വം
സ്വന്തം ലേഖകന്‍ 24-07-2017 - Monday
ജറുസലേം: ജറുസലെമില്‍ നടക്കുന്ന സംഘര്‍ഷങ്ങളിലും അക്രമങ്ങളിലും ഉത്ക്കണ്ഠ അറിയിച്ചു കൊണ്ട് വിവിധ ക്രൈസ്തവസഭകളുടെ തലവന്മാരും പ്രതിനിധികളും ചേര്‍ന്ന് സംയുക്ത പ്രസ്താവന ഇറക്കി. ഹറാം എഷ്-ഷരീഫിനു ചുറ്റും ഉയരുന്ന അക്രമങ്ങളെ അപലപിക്കുന്നതായും വിശുദ്ധനഗരത്തിന്‍റെ തുടര്‍ച്ചയ്ക്കും സമഗ്രതയ്ക്കും എതിരായ ഭീഷണി പ്രവചനാതീതമായ പരിണിതഫലങ്ങളുളവാക്കുമെന്നും ക്രൈസ്തവ നേതൃത്വം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാര്‍ക്കീസായ തെയോഫിലോസ് III, അർമേനിയൻ ഓർത്തഡോക്സ് പാത്രീയാർക്കീസ് നൂർഹാൻ മാനൗജിയൻ, ആർച്ചു ബിഷപ്പ് സ്വേരിയോസ് മൽകി മുരാട്, സിറിയൻ ഓർത്തഡോക്സ് പാത്രിയാര്‍ക്കീസ് ആർച്ചുബിഷപ്പ് സ്വേരിയോസ് മൽകി മുരാട്, ജറുസലേം കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാര്‍ക്കീസ് ആർച്ച് ബിഷപ്പ് അനബാ അന്റോണിയസ്, ഗ്രീക്ക്-മെൽക്കൈറ്റ് കത്തോലിക്ക ആർച്ച് ബിഷപ്പ് ജോസഫ്-ജൂൾസ് സെറീ, മാരോണൈറ്റ് പാത്രിയാർക്കീസ് ആർച്ച് ബിഷപ്പ് മോസ എൽ ഹാഗെ തുടങ്ങീ വിവിധ സഭകളുടെ അദ്ധ്യക്ഷന്‍മാരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.
വിശുദ്ധനഗരത്തിന്‍റെ തുടര്‍ച്ചയ്ക്കും സമഗ്രതയ്ക്കും എതിരായ ഭീഷണി പ്രവചനാതീതമായ പരിണിതഫലങ്ങളുണ്ടാക്കും. ഇന്നത്തെ മതാന്തരീക്ഷത്തില്‍ സംഘര്‍ഷം ഒരിക്കലും അരുതാത്തതാണ്. അല്‍-അക്സ മോസ്കിന് ജോര്‍ദാനിലെ ഹാഷ്മൈറ്റ് രാജ്യത്തിന്‍റെ ഉടമസ്ഥതയിലുള്ള തുടര്‍ച്ചയും ജറുസലെമിലും വിശുദ്ധസ്ഥലങ്ങളിലും മുസ്ലീമുകള്‍ക്ക് പ്രവേശനത്തിനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും പൂര്‍വപ്രാബല്യമനുസരിച്ച് വിലമതിക്കുന്നു.
എന്നാല്‍ മുഴുവന്‍ സമൂഹത്തിന്‍റെയും സമാധാനത്തിനും അനുരഞ്ജനത്തിനുമായി, ചരിത്രപരമായി ഈ പ്രദേശങ്ങളിലെ ഭരണനിര്‍വഹണം പൂര്‍ണമായി ആദരിക്കപ്പെടണം. അക്രമബാധിത പ്രദേശത്തിനും അതിലെ ജനങ്ങള്‍ക്കും നീതിപൂര്‍വകവും ശാശ്വതവുമായ സമാധാനമുണ്ടാകുന്നതിനു വേണ്ടി തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതായും ക്രൈസ്തവ നേതൃത്വം പ്രസ്താവനയില്‍ വ്യക്തമാക്കി.