News - 2025

ദക്ഷിണ കൊറിയയെ സുവിശേഷവത്ക്കരിക്കാന്‍ ചെങ്ക്യൂ രൂപത

സ്വന്തം ലേഖകന്‍ 05-08-2017 - Saturday

സിയോൾ: രാജ്യമെങ്ങും ക്രിസ്തുവിന്റെ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി യുവജനങ്ങള്‍ക്കു പരിശീലന പദ്ധതിയുമായി തെക്കൻ കൊറിയയിലെ ചെങ്ക്യൂ രൂപത രംഗത്ത്. രൂപതയുടെ കീഴിലുള്ള യൂത്ത് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഒരു വർഷത്തോളം ദൈർഘ്യമുള്ള യൂത്ത് മിഷനറി ട്രെയിനിംഗ് പ്രോഗ്രാം ഈ മാസം ആരംഭിക്കും. വിശ്വാസത്തിലധിഷ്ഠിതമായ ജീവിതവും മിഷൻ പ്രവർത്തനങ്ങളോടുള്ള ആഭിമുഖ്യവും വളർത്തിയെടുക്കാനാണ് രൂപതയുടെ പദ്ധതി.

മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സഭാ പഠനങ്ങൾ, മിഷ്ണറിമാരുമായുള്ള ചർച്ചകൾ, ദേശീയ-അന്താരാഷ്ട്ര മിഷൻ പ്രവർത്തനങ്ങൾ തുടങ്ങിയവ പരിശീലനത്തിൽ ഉൾപ്പെടുത്തും. യുവജനങ്ങളെ മിഷ്ണറികളായി മാറ്റിയെടുക്കുന്നതിനോടൊപ്പം മറ്റുള്ളവരിലേക്കും വിശ്വാസം പകർന്നു നല്കാൻ പ്രാപ്തരാക്കുകയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ഡേവിഡ് യാങ്ങ് യുന്- സിയോങ്ങ് പറഞ്ഞു.

ഭാവി മിഷ്ണറിമാരായ യുവജനങ്ങളുടെ പരിശീലനം വഴി തെക്കന്‍ കൊറിയയുടെയും ലോക സുവിശേഷവത്കരണത്തിനും രൂപത എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്ന് ചെങ്ക്യൂ മെത്രാൻ ഗബ്രിയേൽ ഷാങ്ങ് ബോ ങ്ങ് - ഹുൻ ഇടയലേഖനത്തിലൂടെ അറിയിച്ചു. തെക്കന്‍ കൊറിയയിലും ആഗോള തലത്തിലും സുവിശേഷം പ്രഘോഷിക്കുന്ന സമൂഹത്തെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ചെങ്ക്യൂ രൂപത നടത്തുന്ന നിരവധി പദ്ധതികളിൽ ഒന്നാണ് യുവജനപരിശീലനം.

More Archives >>

Page 1 of 207