News - 2025
ചിലിയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി: പ്രതിഷേധവുമായി കത്തോലിക്ക നേതൃത്വം
സ്വന്തം ലേഖകന്‍ 05-08-2017 - Saturday
സാന്റിയാഗോ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കികൊണ്ടുള്ള ബില്ലിനെ അപലപിച്ച് കത്തോലിക്കസഭ. പ്രത്യേക സാഹചര്യങ്ങളെ കണക്കിലെടുത്ത് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാനുള്ള ബില്ലിനാണ് ചിലി കോണ്‍ഗ്രസ് ഇക്കഴിഞ്ഞ ബുധനാഴ്ച അനുമതി നല്‍കിയത്. 1989-ലെ ഗര്‍ഭഛിദ്ര നിരോധന നിയമത്തെ മറികടക്കുന്നതിനാണ് പുതിയ ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്.
ബലാല്‍സംഗത്തിനിരയായി ഗര്‍ഭം ധരിക്കുമ്പോഴും, ജനിക്കുവാനിരിക്കുന്ന കുഞ്ഞിനു ശാരീരിക വൈകല്യങ്ങള്‍ നേരിടുമ്പോഴും, അമ്മയുടെ ജീവന്‍ ഭീഷണിയില്‍ ആകുമ്പോഴും ഗര്‍ഭഛിദ്രം നടത്താമെന്നാണ് പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നത്. ഇതിനെതിരെയാണ് വ്യാപക പ്രതിഷേധവുമായി കത്തോലിക്കസഭയും പ്രോലൈഫ് സംഘടനകളും രംഗത്തെത്തിയിരിക്കുന്നത്.
ധാര്‍മ്മികതയെ മറച്ചുകൊണ്ടുള്ള പുതിയ തീരുമാനം ബഹുവിശ്വാസികള്‍ക്കിടയില്‍ കൃത്രിമമായ സഹിഷ്ണുത സൃഷ്ട്ടിക്കാനുള്ള അടവാണെന്ന് ചിലിയിലെ സാന്‍ ബെര്‍നാര്‍ഡോ ബിഷപ്പ് ജുവാന്‍ ഇഗ്നേഷിയോ ഗോണ്‍സാലസ് പറഞ്ഞു. പുതിയ പരിഷ്ക്കാരം വഴി സ്വതന്ത്രമായ ഗര്‍ഭഛിദ്രത്തിന് വാതില്‍ തുറന്നു കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന്‍ ബിഷപ്പ് ഫെര്‍ണാന്‍ഡോ ചോമല്ലി വ്യക്തമാക്കി.
Must Read: അന്നു കളിക്കാരന്‍ ഇന്നു വൈദികന്‍; ഫുട്‌ബോള്‍ താരം വൈദികനായ ശേഷം ചിലിയില്‍ വീണ്ടുമെത്തി ബലിയര്‍പ്പിച്ചു
കഴിഞ്ഞു വര്‍ഷം സെപ്തംബറില്‍ തന്നെ ബില്‍ പാസാക്കുന്നതിനുള്ള നടപടി ചിലിയില്‍ ആരംഭിച്ചിരിന്നു. സെനറ്റ് ഹെല്‍ത്ത് കമ്മീഷന്‍ ആണ് തീരുമാനം നടപ്പിലാക്കുന്നതിനു അനുകൂലമായി ആദ്യം വോട്ട് രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ നീക്കത്തിനെതിരെ കഴിഞ്ഞ വര്‍ഷം നടത്തിയ റാലിയില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ പങ്കുചേര്‍ന്നിരിന്നു. ഒരുലക്ഷം പേരാണ് അന്നത്തെ റാലിയില്‍ പങ്കെടുത്തത്. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ചിലിയില്‍ പുതിയ ബില്‍ പാസ്സാക്കിയ സാഹചര്യത്തില്‍ പ്രതിഷേധം വ്യാപകമാക്കുമെന്നാണ് സൂചന.