News - 2025
നിര്‍ധനരെ പിന്തുണക്കുന്ന സര്‍ക്കാര്‍ നടപടിയെ സ്വാഗതംചെയ്തു ഫിലിപ്പീന്‍സ് മെത്രാന്‍ സമിതി
സ്വന്തം ലേഖകന്‍ 18-08-2017 - Friday
മനില: നീതി നിഷേധിക്കപ്പെടുന്നവരെയും പാവങ്ങളെയും പിന്‍തുണയ്ക്കുന്ന നിയമം രൂപീകരിക്കാനുള്ള ഫിലിപ്പീന്‍സിലെ സര്‍ക്കാര്‍ നീക്കം പ്രത്യാശ പകരുന്നതെന്ന് ദേശീയ മെത്രാന്‍ സമിതി. സാമൂഹ്യ സേവനത്തിനായുള്ള കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ എഡ്വിന്‍ ഗാരിഗ്വെസാണ് സര്‍ക്കാര്‍ നടപടിയില്‍ ഫിലിപ്പീന്‍സിന്‍റെ ദേശീയ മെത്രാന്‍ സമിതിയുടെ വെബ്സൈറ്റിലൂടെ പ്രത്യാശ പ്രകടിപ്പിച്ചത്.
പാവങ്ങളുടെ അവസ്ഥയെ മെച്ചപ്പെടുത്താന്‍ കഴിയുന്ന പദ്ധതി പാര്‍ലമെന്‍റ് അംഗീകരിക്കുകയാണെങ്കില്‍ ഭക്ഷണം, പാര്‍പ്പിടം, ഉപജീവനം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം എന്നീ മേഖലയില്‍ രാജ്യത്ത് വലിയ മാറ്റവും വികസനവും ഉണ്ടാകുമെന്ന്‍ ഫാദര്‍ ഗാരിഗ്വെസ് കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ബഹുഭൂരിപക്ഷം പാവങ്ങള്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ ലഘൂകരിക്കാന്‍ സഹായകമാകുന്ന നിയമ നിര്‍മ്മാണമാണ് ജനപ്രതിനിധി സഭ ഒരുക്കിയിരിക്കുന്നത്.
അവയവ വില്പന, മനുഷ്യക്കടത്ത്, അടിമവേല പോലുള്ള രാജ്യാന്തര അധോലോക ശൃംഖലകളില്‍ ഫിലിപ്പീന്‍സിലെ ജനങ്ങള്‍ ഇരകളാകുന്ന സാഹചര്യത്തില്‍ പുതിയ പ്രത്യാശ നല്‍കുന്നതാണ് സര്‍ക്കാര്‍ പദ്ധതി. സാമൂഹിക തിന്മകള്‍ അകറ്റി സാധാരണക്കാര്‍ക്ക് നീതിയുടെയും സമത്വത്തിന്‍റെയും ജീവിതാന്തസ്സ് നല്കാന്‍ നിയമനിര്‍മ്മാണം യാഥാര്‍ത്ഥ്യമാകുമെന്ന പ്രത്യാശയിലാണ് രാജ്യത്തെ ജനങ്ങള്‍.