News - 2025
ഐഎസ് നടത്തുന്ന ക്രൈസ്തവ വംശഹത്യയെ അപലപിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
സ്വന്തം ലേഖകന്‍ 18-08-2017 - Friday
വാഷിംഗ്ടൺ: ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും നേരെ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ നടത്തുന്ന ആക്രമങ്ങളെ അപലപിച്ച് ട്രംപ് ഭരണകൂടം. മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നത് അന്തർദേശീയ മതസ്വാതന്ത്യ ഉടമ്പടിയുടെ കടുത്ത ലംഘനമാണെന്നു യു.എസ് സ്റ്റേറ്റ്സ് സെക്രട്ടറി റെക്സ് ടില്ലേർസൺ പറഞ്ഞു. അമേരിക്കയുടെ മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ട സാഹചര്യത്തിലാണ് യു.എസ് സ്റ്റേറ്റ്സ് സെക്രട്ടറിയുടെ പ്രതികരണം.
ക്രൈസ്തവർക്കും യസീദി മുസ്ലിംങ്ങള്‍ക്കും നേരെ അക്രമം അഴിച്ചുവിടുന്നതിൽ ഐഎസിന്റെ പങ്ക് വ്യക്തമാണ്. മനുഷ്യാവകാശങ്ങൾക്കു നേരെയുള്ള കടന്നാക്രമണത്തെ ട്രംപ് ഭരണകൂടം ശക്തിയുക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മതസ്പർദ്ധ പോലെയുള്ള സാഹചര്യങ്ങളിൽ വിശ്വാസം തുടരാനാകാത്ത സ്ഥിതിഗതികളാണ് ലോകത്തിന്റെ എൺപത് ശതമാനത്തോളം ജനങ്ങളും നേരിടുന്നത്. ഇതിനെതിരെ കണ്ണടയ്ക്കാനാകില്ലെന്നും ടില്ലേർസൺ കൂട്ടിച്ചേർത്തു.
ഐ.എസിനെ കൂടാതെ ബഹറിൻ, ചൈന, ഇറാൻ, പാക്കിസ്ഥാൻ, സൗദി അറേബ്യ, സുഡാൻ, ടർക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളും മതസ്വാതന്ത്ര്യത്തിന് വിലക്കുകൾ ഏർപ്പെടുത്തുന്നതായും അമേരിക്കയുടെ മത സ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മകോഗോ, സിറിയ, ബർമ്മ, ഇറാഖ്, സൊമാലിയ എന്നിവടങ്ങളിൽ നിന്നും ഒരു ലക്ഷത്തോളം അഭയാർത്ഥികളിലെ എഴുപത് ശതമാനം പേർ യുഎസിൽ അഭയം തേടിയിട്ടുണ്ട്. തങ്ങളുടെ വിശ്വാസത്തിൽ സ്വാതന്ത്ര്യത്തോടെ നിലകൊള്ളാനാണ് പലരും പലായനം ചെയ്യുന്നതെന്നും റിപ്പോർട്ടിലുണ്ട്.
അമേരിക്കയുടെ മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍ ഇന്ത്യയെ കുറിച്ചും പ്രത്യേക പരാമര്‍ശമുണ്ട്. ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയും മുസ്ലിങ്ങള്‍ക്കെതിരെയും അക്രമ സംഭവങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഗോരക്ഷാ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ ഏറെയും മുസ്ലീങ്ങളാണ്, മുസ്ലീങ്ങള്‍ക്കൊപ്പം ക്രിസ്ത്യാനികള്‍ക്കും അതിക്രമവും ഭീഷണിയും നേരിടേണ്ടിവരുന്നു. ന്യൂനപക്ഷങ്ങളുടെ സ്വത്തുക്കള്‍ക്കു സംരക്ഷണമില്ലായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.