News - 2025
ഈജിപ്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിന് വിലക്ക്
സ്വന്തം ലേഖകന്‍ 22-08-2017 - Tuesday
കെയ്റോ: ഈജിപ്തിലെ മിന്യാ മേഖലയിലെ കോപ്റ്റിക് ക്രിസ്ത്യാനികളെ ഞായറാഴ്‌ച കുര്‍ബ്ബാന അര്‍പ്പിക്കുന്നതില്‍ നിന്നും സുരക്ഷാസേന വിലക്കി. ദേവാലയത്തിനു ലൈസന്‍സില്ല എന്ന കാരണം പറഞ്ഞാണ് സുരക്ഷാസേന വിശ്വാസികളേയും പുരോഹിതനേയും വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതില്‍ നിന്നും വിലക്കിയത്. മിന്യാ പ്രവിശ്യയിലെ അബു കുര്‍ക്കാസ് നഗരത്തിലെ അബ്യൂഹാ ഗ്രാമത്തിലെ എസ്ബാത് അല്‍ ഫോര്‍ണിലെ കോപ്റ്റിക് ക്രൈസ്തവര്‍ക്കാണ് ഉന്നത അധികാരികളുടെ വിലക്കിനെത്തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ കഴിയാതെ പോയത്.
ഏതാണ്ട് മുന്നൂറോളം ക്രിസ്ത്യാനികള്‍ പതിവായി പ്രാര്‍ത്ഥന നടത്തികൊണ്ടിരുന്ന ദേവാലയത്തിനാണ് പോലീസ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പ്രദേശത്തെ വിശ്വാസികള്‍ വെളിപ്പെടുത്തി. സുരക്ഷാസേന പുരോഹിതനേയും, വിശ്വാസികളേയും ദേവാലയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയ കാര്യം ദേവാലയധികൃതര്‍ ഇതിനോടകം സ്ഥിരികരിച്ചിട്ടുണ്ട്.
എന്നാല്‍ എസ്ബാത് അല്‍ ഫോര്‍ണി പ്രദേശത്തു അനുമതി ലഭിച്ച ദേവാലയങ്ങള്‍ ഇല്ലെന്നാണ് അബു കുര്‍ക്കാസ് നഗരസമിതിയുടെ തലവനായ ബ്രിഗേഡിയര്‍ മൊഹമ്മദ് സാലായുടെ ഭാഷ്യം. ഇതില്‍ അനിഷ്ടമുള്ള ചില മുസ്ലീങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് സുരക്ഷാഭടന്‍മാര്‍ ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
93 ദശലക്ഷത്തോളം ജനസംഖ്യയുള്ള ഈജിപ്തില്‍ പത്തു ശതമാനം മാത്രമാണ് ക്രൈസ്തവര്‍. നിയമപരമായും അല്ലാതെയും തങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന വിവേചനങ്ങളെക്കുറിച്ച് ഇതിനു മുന്‍പും ക്രിസ്ത്യാനികള്‍ പരാതിപ്പെട്ടിട്ടുണ്ട്.
മുസ്ലീം പള്ളി പണിയുന്നതിന് വേണ്ടിവരുന്നതിനേക്കാള്‍ കടുത്ത നിബന്ധനകളും നിര്‍ദ്ദേശങ്ങളുമാണ് ഒരു ക്രിസ്ത്യന്‍ ദേവാലയം പണിയുന്നതിന് നേരിടേണ്ടി വരുന്നത്. ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വരുന്ന വിവേചനത്തിന് അറുതി വരുത്തുവാന്‍ അടിയന്തിര നടപടി ഉണ്ടാകണമെന്ന ആവശ്യം രാജ്യത്തു പരക്കെ ഉയരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.