News
റോമില്‍ വിശുദ്ധ പത്രോസിന്റേതെന്നു കരുതപ്പെടുന്ന തിരുശേഷിപ്പു കണ്ടെത്തി
സ്വന്തം ലേഖകന്‍ 03-09-2017 - Sunday
വത്തിക്കാന്‍ സിറ്റി: റോമിലെ ട്രാസ്റ്റെവേരെയിലെ കാപ്പെല്ലായിലെ സാന്താ മരിയ ദേവാലയത്തിലെ അള്‍ത്താരയുടെ അടിയില്‍ നിന്നും വിശുദ്ധ പത്രോസിന്റേതെന്നു കരുതപ്പെടുന്ന തിരുശേഷിപ്പുകള്‍ കണ്ടെത്തി. ദേവാലയത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കിടക്കാണ് വിശുദ്ധ പത്രോസ് ഉള്‍പ്പെടെയുള്ള ആദികാല പാപ്പാമാരുടെ തിരുശേഷിപ്പുകള്‍ അടങ്ങുന്നതെന്നു കരുതപ്പെടുന്ന രണ്ട് റോമന്‍ ഭരണികള്‍ കണ്ടെത്തിയിട്ടുള്ളത്.
ശുദ്ധമായ കളിമണ്ണില്‍ നിര്‍മ്മിച്ച് ഈയം പൂശിയിട്ടുള്ളതാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള ഭരണികള്‍. അവക്ക് പാകമായ ഈയംകൊണ്ടുള്ള അടപ്പുകളും ഈ ഭരണികള്‍ക്കുണ്ട്. അടപ്പിന്റെ മുകളില്‍ വിശുദ്ധരുടെ നാമങ്ങള്‍ കോറിയിട്ടിരിക്കുന്നു. റോമിലെ വികാരിയേറ്റിന് കൈമാറിയിട്ടുള്ള ഈ ഭരണികള്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്. വത്തിക്കാന്‍ ഹില്ലില്‍ വിശുദ്ധ പത്രോസ് രക്തസാക്ഷിത്വം വരിച്ച സ്ഥലത്ത് അതായത് ഇപ്പോള്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയിരിക്കുന്ന സ്ഥലത്തായിരുന്നു വിശുദ്ധ പത്രോസിനെ അടക്കം ചെയ്തിരുന്നത്.
1090-ല്‍ ഉര്‍ബന്‍ രണ്ടാമന്‍ പാപ്പായുടെ കാലത്ത് ഉബാള്‍ഡോ, ടുസ്കോളോ എന്നീ മെത്രാന്‍മാരാണ് സാന്താ മരിയ ദേവാലയത്തിന്റെ വെഞ്ചരിപ്പുകര്‍മ്മം നടത്തിയത്. സാന്താ മരിയ ദേവാലയത്തിലുള്ള ഒരു ശിലാലിഖിതത്തെക്കുറിച്ച് പുരാവസ്തുഗവേഷകനായ ക്രിസ്റ്റ്യാനോ മെങ്ങാരെല്ലി പഠനം നടത്തിയതില്‍ നിന്നും, പരിശുദ്ധ കന്യകാ മാതാവിന്റെ മേലങ്കിയുടെ ഭാഗം (ഇത് ഇതുവരെ കണ്ടെത്താനായിട്ടില്ല), വിശുദ്ധ പത്രോസ്, പാപ്പാമാരായ കോര്‍ണേലിയൂസ്, കാല്ലിസ്റ്റോ, ഫെലിസ്, രക്തസാക്ഷികളായ ഇപ്പോളിറ്റോ, അനസ്താസിയോ, മെലിക്സ്, മാര്‍മെന്‍ തുടങ്ങിയവരുടെ തിരുശേഷിപ്പുകള്‍ അവിടെയുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
Must Read: നോഹയുടെ പെട്ടകവും പ്രളയവും ചരിത്രസത്യം: തെളിവുകളുമായി സമുദ്രഗവേഷക സംഘം
ഈ സാഹചര്യത്തിലാണ് പുതിയ കണ്ടെത്തല്‍. ലഭിച്ചിരിക്കുന്ന വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പുകള്‍ തന്നെയാണെന്നാണ് ഇറ്റലിയിലെ പുരാവസ്തുഗവേഷകയായ മാര്‍ഘെരിറ്റാ ഗാര്‍ഡൂസിയുടെ അഭിപ്രായം. അതേ സമയം ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള തിരുശേഷിപ്പുകളുടെ ഉത്ഭവത്തെക്കുറിച്ചോ ആധികാരികതയെക്കുറിച്ചോ വ്യക്തമായ സ്ഥിരീകരണം ഇല്ല.