News - 2025

മതനിന്ദ: പാക്കിസ്ഥാനില്‍ ക്രൈസ്തവ വിശ്വാസിയ്ക്ക് വധശിക്ഷ

സ്വന്തം ലേഖകന്‍ 16-09-2017 - Saturday

ലാഹോര്‍: ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന കവിത സുഹൃത്തിന് അയച്ചെന്നു ആരോപിച്ച് പാക്കിസ്ഥാനില്‍ അറസ്റ്റിലായ ക്രൈസ്തവ വിശ്വാസിയ്ക്കു കോടതി വധശിക്ഷ വിധിച്ചു. പഞ്ചാബ് പ്രോവിന്‍സിലെ സാറാ- എ- ആളാംഗിര്‍ സ്വദേശിയായ നദീം ജെയിസ് മസീഹ് എന്ന ക്രൈസ്തവ വിശ്വാസിക്കാണ് കോടതി വധശിക്ഷ വിധിച്ചത്.

ജൂലൈയില്‍ യാസിര്‍ ബഷീര്‍ എന്ന മുസ്ലിം സുഹൃത്തിന് നദീം ജെയിസ് മസീഹ് ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാട്‌സ്ആപ് സന്ദേശം അയച്ചതായാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതിനെ ഖണ്ഡിച്ചുകൊണ്ട് തന്റെ കക്ഷി നിരപരാധിയാണെന്നും മനപ്പൂര്‍വം കേസില്‍ കുടുക്കിയതാണെന്നും വിധിക്കെതിരേ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും മസീഹിന്റെ വക്കീല്‍ അന്‍ജും പറഞ്ഞു.

ഒരു മുസ്ലീം മതവിശ്വാസിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ ആര്‍ക്കു നേരെ വേണമെങ്കിലും ചുമത്തപ്പെടുവാന്‍ സാധിക്കുന്ന കുറ്റമാണ് പാക്കിസ്ഥാനിലെ വിവാദമായ മതനിന്ദാ കുറ്റം. കുറ്റാരോപിതനായ വ്യക്തി നിരപരാധിയെങ്കിലും രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്നും നീതി ലഭിക്കാറില്ല.

ക്രൈസ്തവ വിശ്വാസിയായ ആസിയ ബീബിയാണ് ക്രൂരമായ മതനിന്ദ കുറ്റത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളിലൊരാള്‍. 2009- മുതല്‍ ആസിയ ജയിലില്‍ തുടരുകയാണ്. പാക്കിസ്ഥാനിലെ മതനിന്ദ ചുമത്തിയുള്ള വിചാരണയ്ക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധമുയരുന്നുണ്ട്.

More Archives >>

Page 1 of 222