News - 2025

ഒമാന്‍ സുല്‍ത്താന് നന്ദി അറിയിച്ച് വത്തിക്കാന്‍

സ്വന്തം ലേഖകന്‍ 14-09-2017 - Thursday

വത്തിക്കാന്‍ സിറ്റി: മലയാളി വൈദികനായ ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ക്വാബൂസ് ബിന്‍ സയിദ് അല്‍ സയിദിന് നന്ദി അറിയിച്ച് വത്തിക്കാന്‍. ഒമാന്‍ ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായും വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ടോമച്ചന്റെ മോചനവാര്‍ത്ത പുറത്തുവന്നത്. ഒമാനിലെ വാര്‍ത്താ ഏജന്‍സിയായ ഒനായുടെ റിപ്പോര്‍ട്ട് അനുസരിച്ചു വത്തിക്കാന്റെ അപേക്ഷ പ്രകാരമാണ് വൈദികന്റെ മോചനത്തിന് നടപടിയെടുത്തത്.

വത്തിക്കാന്റെ സമ്മര്‍ദ്ധത്തെ തുടര്‍ന്നു സുല്‍ത്താന്‍ ക്വാബൂസിന്റെ നിര്‍ദ്ദേശപ്രകാരം യെമനില്‍ നിന്നുള്ള ചില പാര്‍ട്ടികളുടെ സഹായത്തോടെ ഫാദര്‍ ടോം ഉഴുന്നാലിലിനെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തുകയായിരിന്നു. തുടര്‍ന്നു വൈദികനെ മോചിപ്പിക്കുകയായിരിന്നു. ഒമാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലും വത്തിക്കാന്റെ സമ്മര്‍ദ്ധത്തെ തുടര്‍ന്നാണ് വൈദികനെ മോചിപ്പിച്ചതെന്ന്‍ വ്യക്തമാണ്.

ഹിസ് മജസ്റ്റി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ആജ്ഞപ്രകാരം ഒമാന്‍, യെമനിലെ കക്ഷികളുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ (ആവശ്യപ്പെട്ട) വൈദികനെ കണ്ടെത്തിയെന്നും ടോം ഉഴുന്നാലില്‍ എന്ന വൈദികന്‍ സര്‍വശക്തനായ ദൈവത്തിനു നന്ദി രേഖപ്പെടുത്തുകയും ഹിസ് മജസ്റ്റി സുല്‍ത്താന്‍ ഖാബൂസിനോടു കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തുയെന്നുമാണ് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നത്.


Related Articles »