News - 2025

കൊറിയൻ സഭാചരിത്രത്തെ ആസ്പദമാക്കി വത്തിക്കാനിൽ ചരിത്രപ്രദർശനം

സ്വന്തം ലേഖകന്‍ 19-09-2017 - Tuesday

വത്തിക്കാൻ സിറ്റി: കൊറിയൻ കത്തോലിക്ക സഭയുടെ ചരിത്രത്തെ ആസ്പദമാക്കി കൊറിയൻ സഭാചരിത്രപ്രദർശനം വത്തിക്കാനിൽ ആരംഭിച്ചു. സിയോൾ അതിരൂപത മാർട്ടിയേഴ്സ് എക്സാസാൾട്ടേഷൻ കമ്മിറ്റിയാണ് 'സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും' എന്ന പേരിൽ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ഇരുനൂറ്റിമുപ്പതോളം വർഷത്തെ കൊറിയൻ കത്തോലിക്ക സഭയുടെ പാരമ്പര്യമാണ് പ്രദർശന വിഷയം. സെപ്റ്റബർ ഒൻപതിന് സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ സിയോൾ കർദ്ദിനാൾ ആൻഡ്രൂ യോം സൂ ജങ്ങിന്റെ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയോടെയാണ് പ്രദർശനത്തിന് തുടക്കമായത്.

ദൈവത്തിന്റെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും നടപ്പിലാക്കിയതിന്റെ തെളിവാണ് കൊറിയൻ കത്തോലിക്ക സഭയുടെ ചരിത്രമെന്ന് കർദ്ദിനാൾ പറഞ്ഞു. 2014-ല്‍ കൊറിയൻ സന്ദർശനത്തിടെ കത്തോലിക്കർ വിശ്വാസത്തിന്റെയും പ്രതീക്ഷയുടേയും കാവൽക്കാരാകണമെന്ന ഫ്രാൻസിസ് പാപ്പയുടെ സന്ദേശം കൊറിയൻ മെത്രാൻ സമിതി പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഹൈഗ്നസ് കിം ഹി- ജൂങ്ങ് അനുസ്മരിച്ചു. കൊറിയൻ സഭയുടെ വിവിധ കാലഘട്ടങ്ങൾ മനസ്സിലാക്കാൻ പ്രദർശനം ഉപകരിക്കും. ഓരോരുത്തരും സഭയുടെ ചരിത്ര പ്രാധാന്യം മനസ്സിലാക്കി ഭാവിയുടെ വെളിച്ചവും കാൽവെയ്പ്പുമാകണമെന്നും അദ്ദേഹം പറഞ്ഞു.

കൊറിയയിലെ സുവിശേഷ പ്രഘോഷണവും അതിനായി നേരിട്ട സഹനങ്ങളുമാണ് പ്രദർശനത്തിന്റെ പ്രമേയം. രക്തസാക്ഷികളുടെ ചുടുനിണത്താൽ വളർച്ച പ്രാപിച്ചതാണ് നമ്മുടെ വിശ്വാസമെന്ന വിശുദ്ധ തെർത്തുല്യന്റെ വാക്കുകളെ യാഥാർത്ഥ്യമാക്കുന്നതാണ് പ്രദർശനമെന്നു വത്തിക്കാൻ ഗവർണറേറ്റ് പ്രസിഡന്റ് കർദ്ദിനാൾ ഗിസപ്പേ ബർട്ടല്ലോ പറഞ്ഞു. ബ്രാക്കിയോ ഡി കാർലോ മാഗ്നോ ഹാളിൽ നടക്കുന്ന എക്സിബിഷനിൽ കൊറിയൻ വിശ്വാസ വളർച്ചയിൽ രക്തസാക്ഷിത്വം വരിച്ച നൂറ്റിയെൺപത്തിയേഴോളം വിശുദ്ധരുടെ തിരുശേഷിപ്പും പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രദർശനം നവംബർ 17 വരെ തുടരും.

More Archives >>

Page 1 of 224