News - 2025
ഐഎസ് നടത്തിയ ക്രൈസ്തവ വംശഹത്യയെ കുറിച്ച് അന്വേഷിക്കുവാന്‍ ഐക്യരാഷ്ട്ര സഭയില്‍ പ്രമേയം
സ്വന്തം ലേഖകന്‍ 26-09-2017 - Tuesday
ന്യൂയോര്‍ക്ക് സിറ്റി: ഇറാഖിലെ ക്രൈസ്തവര്‍ അടക്കമുള്ള മത ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കി ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ നടത്തിയ വംശഹത്യയെ കുറിച്ച് അന്വേഷിക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ പുതിയ പ്രമേയം പാസ്സാക്കി. രാജ്യത്തു ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയത് മതന്യൂനപക്ഷങ്ങളുടെ 'വംശഹത്യ'യാണെന്ന് അംഗീകരിക്കുന്നതിന്റെ ആദ്യപടിയായിട്ടാണ് ഐക്യരാഷ്ട്ര സഭയുടെ നടപടിയെ പൊതുവെ കണക്കാക്കുന്നത്.
ഇറാഖിലെ ഇസ്ളാമിക തീവ്രവാദികളുടെ അക്രമത്തിനിരയായ ക്രിസ്ത്യാനികള്‍ക്കും, യസീദികള്‍ക്കും പുതിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ നടപടി. സെപ്റ്റംബര്‍ 12 മുതല്‍ 25 വരെ ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ 72-മത് റെഗുലര്‍ സെഷനില്‍ വെച്ചാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വോട്ടിനിട്ട പ്രമേയം ഐകകണ്ഠേന പാസ്സാക്കുകയായിരുന്നു.
പുതിയ നടപടി വഴി ഇസ്ലാമിക് സ്റ്റേറ്റ് കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുവാനുള്ള ശക്തമായ സാധ്യത ഉടലെടുത്തിരിക്കുകയാണ്. ഇറാഖി ഗവണ്‍മെന്റിന്റെയും വിവിധ സന്നദ്ധസംഘടനകളുടേയും സഹായത്തോടെ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ ശേഖരിക്കുവാനും സംരക്ഷിക്കാനുമായി സ്പെഷ്യല്‍ അഡ്വൈസറുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയമിക്കുവാന്‍ പ്രമേയം ശുപാര്‍ശ ചെയ്യുന്നുണ്ട്.
അതേസമയം ഐക്യരാഷ്ട്രസഭയുടെ നടപടിയെ അല്യന്‍സ് ഫ്രീഡം ഇന്റര്‍നാഷണല്‍ (ADF) അടക്കമുള്ള പ്രമുഖ മനുഷ്യാവകാശ സംഘടനകള്‍ സ്വാഗതം ചെയ്തു. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇറാഖില്‍ ഐഎസ് നടത്തിയത് വംശീയഹത്യ തന്നെയാണെന്ന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു ജോണ്‍ കെറി പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ഈ പ്രമേയത്തെ ഒരു ‘നാഴികകല്ല്' എന്നാണ് യുഎന്നിലെ അമേരിക്കന്‍ പ്രതിനിധിയായ നിക്കി ഹാലി വിശേഷിപ്പിച്ചത്.
2015-ല്‍ ഇറാഖിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയ ക്രൂരതകളെ ഫ്രാന്‍സിസ് പാപ്പായും ‘വംശഹത്യ’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ക്രിസ്ത്യാനികള്‍ക്കും, യസീദികള്‍ക്കും നേരെ ഐഎസ് നടത്തിയത് വംശഹത്യതന്നെയെന്ന് 2016-ല്‍ യൂറോപ്യന്‍ പാര്‍ലമെന്റും നേരത്തെ പ്രഖ്യാപിച്ചിരുന്നു. യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ നടപടികളെ ഇതുവരെ വംശഹത്യയെന്നു പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടന്‍തന്നെ അതുണ്ടാവുമെന്ന പ്രതീക്ഷയിലാണ് മനുഷ്യാവകാശ സംഘടനകള്‍.