News - 2025
യേശുവിന്റെ സ്നേഹത്തിലും പരിശുദ്ധാത്മാവിന്റെ ശക്തിയിലും വിശ്വാസമര്‍പ്പിക്കുക: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 24-09-2017 - Sunday
വത്തിക്കാന്‍ സിറ്റി: ഓരോ വിശ്വാസിയും യേശുവിന്‍റെ സ്നേഹത്തിലും സകലത്തെയും രൂപാന്തരപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്‍റെ ശക്തിയിലും വിശ്വാസമര്‍പ്പിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ വിശ്വാസികളുമായുള്ള പ്രതിവാരകൂടിക്കാഴ്ചയ്ക്കിടെ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. പാപത്താലും വിദ്വേഷത്താലും ഭിന്നിപ്പിനാലും മുറിപ്പെട്ട ലോകത്തില്‍ സ്നേഹവും കാരുണ്യവും എത്തിച്ചുകൊണ്ട് തന്‍റെ മാതൃക പിന്‍ചെല്ലാന്‍ ദൈവം നമ്മോടാവശ്യപ്പെടുന്നുവെന്നും പാപ്പ പറഞ്ഞു.
ഒരു പിതാവ് എന്നപോലെ ഞാന്‍ നിങ്ങളോട് 'നീ' എന്ന നാമം ഉപയോഗിച്ചാണ് സംസാരിക്കുക എന്ന ആമുഖത്തോടെയാണ് പാപ്പ തന്റെ പ്രഭാഷണം ആരംഭിച്ചത്. നിന്നെ കീഴ്പ്പെടുത്തുന്ന ശത്രു പുറത്തല്ല നിന്നില്‍ തന്നെയാണെന്നത് നീ ഓര്‍ക്കുക. ആകയാല്‍ നിഷേധാത്മകചിന്തകള്‍ക്ക് നീ ഇടം നല്കരുത്. ദൈവത്തിന്‍റെ ആദ്യത്തെ അത്ഭുതമാണ് ഈ ലോകമെന്നും അവിടുന്ന് പുത്തന്‍ വിസ്മയങ്ങള്‍ നമുക്കായി തീര്‍ത്തിരിക്കുന്നുവെന്നും നീ ഉറച്ചു വിശ്വസിക്കുക. വിശ്വാസവും പ്രത്യാശയും കൈകോര്‍ത്തു നീങ്ങുന്നു.
ജീവിതാന്ത്യത്തില്‍ നിന്നെ കാത്തിരിക്കുന്നത് നാശമാണെന്നും നീ കരുതരുത്. ദൈവം നിന്നെ നിരാശനാക്കില്ല. നീ നിരാശയില്‍ നിപതിക്കരുത്. യേശുവിന്‍റെ സ്നേഹത്തിലും സകലത്തെയും രൂപാന്തരപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്‍റെ ശക്തിയിലും നീ വിശ്വാസമര്‍പ്പിക്കുക. കണ്ണീരിലാഴ്ത്തുകയും ആളുകളെ നിരാശയില്‍ വീഴ്ത്തുകയും ചെയ്യുന്ന നിഷേധാത്മകതയാല്‍ സ്വാധീനിക്കപ്പെടാതെ ഈ ലോകത്തെ എന്നതിനേക്കാളുപരി ദൈവികപദ്ധതിക്കനുസൃതമാക്കിത്തീര്‍ത്തുകൊണ്ട് അതിനെ പടുത്തുയര്‍ത്തുന്ന പ്രക്രിയ തുടരുക.
തെറ്റുകള്‍ ചെയ്യുകയെന്നത് മാനുഷികമാണ്. എന്നാല്‍ ആ തെറ്റുകള്‍ നിന്‍റെ തടവറയായി മാറരുത്. നമ്മള്‍ നമ്മുടെ തെറ്റുകളുടെ കൂട്ടിനുള്ളില്‍ അടയ്ക്കപ്പെടരുത്. ആരോഗ്യവാന്മാര്‍ക്കുവേണ്ടിയല്ല, മറിച്ച്, രോഗികള്‍ക്കുവേണ്ടിയാണ് ദൈവം വന്നത്. ആകയാല്‍ അവിടുന്ന് ആഗതനായത് നിനക്കും വേണ്ടിയാണ്. നിനക്ക് ഭാവിയിലും തെറ്റുപറ്റുമെങ്കില്‍കൂടി നീ ഭയപ്പെടേണ്ട. നീ എഴുന്നേല്‍ക്കുക. അത് എന്തുകൊണ്ടാണെന്നു നിനക്കറിയാമോ? എന്തെന്നാല്‍ ദൈവം നിന്‍റെ സ്നേഹിതനാണ്. വിശ്വാസത്തിന്‍റെ മാനദണ്ഡങ്ങള്‍ക്കനുസൃതം ജീവിക്കാന്‍ വിശുദ്ധ മത്തായി ശ്ലീഹായുടെ മാദ്ധ്യസ്ഥം സഹായിക്കട്ടെ എന്ന ആശംസയോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.