News - 2025
ഫാ. ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി
സ്വന്തം ലേഖകന്‍ 01-10-2017 - Sunday
കൊച്ചി: പ്രാര്‍ത്ഥനകള്‍ക്ക് ഒടുവില്‍ ഫാ. ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോസ് കെ മാണി എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, വികെ ഇബ്രാഹിം കുഞ്ഞ്, വൈദികര്‍, സന്യാസിനികള്‍, കുടുംബാംഗങ്ങള്‍, എന്നിവര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തി. തനിക്ക് നല്‍കിയ സ്‌നേഹത്തിനു സ്വീകരണത്തിനും നന്ദിയുണ്ടെന്നും ഇവിടെ തിരിച്ചെത്തിയതില്‍ വളരെയധികം സന്തോഷിക്കുന്നുവെന്നും ഫാ ടോം ഉഴുന്നാലില്‍ മാധ്യമങ്ങളോട് പറഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് നേരെ മരടിലെ ഡോണ്‍ബോസ്‌കോ ഭവനിലേക്കാണ് അദ്ദേഹം പോകുന്നത്. ശേഷം സീറോ മലബാര്‍ ആസ്ഥാനത്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ കാണും. ഉച്ചക്ക് പാലായിലേക്ക് പോകും..പാലാ ബിഷപ്പ് ഹൗസ് സന്ദര്‍ശിക്കും. പിന്നീട് ജന്‍മ നാടായ പാലയിലെ രാമപുരത്തേക്ക് പോകും. അവിടെ വന്‍ സ്വീകരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
നാളെ തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെടും. അവിടെവെച്ച് മുഖ്യമന്ത്രിയടക്കമുള്ളവരെ കാണും. മാതാവിന്റെ മരണാനന്തര ചടങ്ങുകൾക്കായി 2014 സെപ്റ്റംബർ ആറിനായിരുന്നു ഫാ. ടോം ഇതിനുമുമ്പു ജന്മനാട്ടിലെത്തിയത്. വെള്ളിയാഴ്ച്ചയോടെ ബെംഗളൂരുവിലേക്ക് മടങ്ങും വിധമാണ് സ്വീകരണ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.