News - 2025
യുവജനങ്ങള്‍ക്കിടയില്‍ കത്തോലിക്ക വിശ്വാസം പ്രഘോഷിക്കുവാന്‍ ഹോളിവുഡ് നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗ്
സ്വന്തം ലേഖകന്‍ 02-10-2017 - Monday
ഷിക്കാഗോ: അമേരിക്കയിലെ യുവജനങ്ങള്‍ക്കിടയില്‍ കത്തോലിക്ക വിശ്വാസം ആഴപ്പെടുത്തുവാന്‍ സഹായിക്കുന്നതിനായി ലോകപ്രശസ്ത ഹോളിവുഡ് നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗ് ഒരുങ്ങുന്നു. ഷിക്കാഗോ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ റേസിന്‍ അവന്യൂവില്‍ ഒക്ടോബര്‍ 20ന്, സംഘടിപ്പിക്കുന്ന ‘എന്‍കൗണ്ടര്‍ യംഗ് അഡള്‍ട്ട് ഫെയിത്ത് നൈറ്റ്’ ല്‍ പങ്കെടുക്കുന്നതിനാണ് ഉറച്ച കത്തോലിക്കാ വിശ്വാസിയായ മാര്‍ക്ക് വാല്‍ബെര്‍ഗ് എത്തുന്നത്. മാര്‍ക്കിന്റെ പ്രഭാഷണം അനേകരെ കത്തോലിക്ക വിശ്വാസത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുവാന്‍ സഹായിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
കര്‍ദ്ദിനാള്‍ ബ്ലേസ് ജെ. കൂപ്പിക്, സിസ്റ്റര്‍ ബെഥനി മഡോണ, വത്തിക്കാന്‍ ഒബ്സര്‍വേറ്ററിയുടെ വൈസ് ഡയറക്ടറായ ഫാദര്‍ പോള്‍ മുള്ളര്‍ തുടങ്ങിയ പ്രഗല്‍ഭരും പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കും. സ്വപ്നങ്ങള്‍ക്ക് അനുസൃതമായി ജീവിക്കുന്നതിനൊപ്പം, നമ്മുടെ വിശ്വാസവും കാത്തുസൂക്ഷിക്കുവാന്‍ യുവജനങ്ങളെ സഹായിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന്‍ ഷിക്കാഗോ അതിരൂപതയുടെ വെബ്സൈറ്റില്‍ പറയുന്നു.
Must Read: സിനിമ ഷൂട്ടിങ്ങ് നിര്‍ത്തിവച്ച് ഹോളിവുഡ് നായകൻ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു
സിനിമാ നിര്‍മ്മാണം, ബിസിനസ്സ്, മോഡലിംഗ് എന്നീ മേഖലകളിലും തന്റെ കഴിവ് തെളിയിച്ച വാല്‍ബെര്‍ഗ് തന്റെ ശക്തമായ കത്തോലിക്ക വിശ്വാസം ലോകത്തിനു മുന്നില്‍ പലതവണ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ആളാണ്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടത് കത്തോലിക്കാ വിശ്വാസമാണെന്നും യുവത്വത്തില്‍ മയക്കുമരുന്നിനും, ഗുണ്ടാ സംഘത്തിനും അംഗമായിരുന്ന തന്നെ ശരിയായ ദിശയിലേക്ക് നയിച്ചത് തന്റെ കത്തോലിക്കാ വിശ്വാസമായിരുന്നുവെന്നും പല അഭിമുഖങ്ങളിലും മാര്‍ക്ക് വെളിപ്പെടുത്തിയിരിന്നു.
പ്രശസ്തിക്കു നടുവിലും തന്റെ കൗദാശികപരമായ ജീവിതം സാക്ഷ്യപ്പെടുത്തി കൊണ്ട് കഴിഞ്ഞ വര്‍ഷത്തെ വിഭൂതി ബുധനാഴ്ച നെറ്റിയില്‍ ചാരം പൂശി മാര്‍ക്ക് പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയായില്‍ വൈറലായിരിന്നു. മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന റിയാ ഡര്‍ഹാമാണ് വാല്‍ബെര്‍ഗിന്റെ ഭാര്യ. ഇവര്‍ക്ക് നാല് കുട്ടികളുണ്ട്.