News - 2025
ഭാരത കത്തോലിക്കാസഭയ്ക്കു കൃതജ്ഞതയര്‍പ്പിച്ചു ഫാ. ടോം
സ്വന്തം ലേഖകന്‍ 01-10-2017 - Sunday
ബംഗളൂരു: തന്‍റെ മോചനത്തിനായി പ്രാര്‍ത്ഥിക്കുകയും പ്രയത്‌നിക്കുകയും ചെയ്ത ഭാരത കത്തോലിക്കാസഭയോടു കൃതജ്ഞതയര്‍പ്പിച്ചു ഫാ. ടോം ഉഴുന്നാലില്‍. ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ നടക്കുന്ന ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിബിസിഐ) സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഭാരതത്തിലെ കര്‍ദ്ദിനാള്‍മാരോടും വിവിധ മെത്രാപ്പോലീത്തമാരോടും മെത്രാന്മാരുമൊത്തുള്ള തന്റെ നന്ദിയറിയിച്ചത്.
വെള്ളിയാഴ്ച രാവിലെ 11ന് സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ സിബിസിഐ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിനെത്തിയ ഫാ. ഉഴുന്നാലിലിനെ സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ബൊക്ക നല്‍കിയാണ് സ്വീകരിച്ചത്. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഷാള്‍ അണിയിച്ചു. മുംബൈ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് സന്ദേശം നല്‍കി. കര്‍ദിനാള്‍ ഡോ. ടെലസ്‌ഫോര്‍ ടോപ്പോ പ്രാര്‍ത്ഥന നയിച്ചു.
നിരന്തരമായ പ്രാര്‍ഥനകള്‍ക്കു ദൈവം പ്രത്യാശയുള്ള മറുപടി നല്‍കുമെന്നതു ഫാ. ടോം ഉഴുന്നാലിലിന്റെ മടങ്ങിവരവിലൂടെ ഒരിക്കല്‍കൂടി ലോകം മനസിലാക്കിയതായി കര്‍ദ്ദിനാള്‍മാര്‍ പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പം വിരുന്നിലും സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സ്വീകരണത്തിലും ഫാ. ഉഴുന്നാലില്‍ പങ്കെടുത്തു. വൈകുന്നേരം 5.30നു ബംഗളൂരു മ്യൂസിയം റോഡിലെ ഗുഡ്‌ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന കൃതജ്ഞതാ പ്രാര്‍ത്ഥനയിലും പൊതുസമ്മേളനത്തിലും കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗറെഢി ഉള്‍പ്പെടെ സാമൂഹ്യ, മത രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.