News - 2025
ആഫ്രിക്കയില്‍ വൈദികരെ തട്ടിക്കൊണ്ടു പോകുന്നത് നിത്യസംഭവമാകുന്നു
സ്വന്തം ലേഖകന്‍ 30-09-2017 - Saturday
അബൂജ/കോംഗോ: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ടു പോകുന്നത് നിത്യ സംഭവമായി മാറുന്നു. തെക്കന്‍ നൈജീരിയായിലെ കത്തോലിക്കാ വൈദികനായ ഫാ. ലോറന്‍സ് അഡോറോളോയെയാണ് ഏറ്റവും അവസാനമായി തോക്കുധാരികളായ അക്രമികള്‍ തട്ടിക്കൊണ്ട് പോയത്. സെപ്റ്റംബര്‍ 27 ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് അദ്ദേഹത്തെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയത്. നൈജീരിയയിലെ എഡോ സംസ്ഥാനത്തെ ഓക്പെല്ലായിലെ സെന്റ് ബെനഡിക്ട് കത്തോലിക്കാ ദേവാലയത്തിലെ വികാരിയായ റവ. ലോറന്‍സ് അഡോറോളോയെ ഓച്ചിയില്‍ നിന്നും ഇടവകയിലേക്ക് മടങ്ങുന്ന വഴിക്കാണ് തട്ടിക്കൊണ്ട് പോയത്.
ഓച്ചിയിലെ മെത്രാനായ മോണ്‍സിഞ്ഞോര്‍ ഗബ്രിയേല്‍ ഡൂണിയ ആണ് ഇക്കാര്യം പുറത്തുവിട്ടത്. തട്ടിക്കൊണ്ടു പോയവര്‍ ഇതിനോടകം തന്നെ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് സഭയുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ യാതൊരുതരത്തിലുള്ള മോചനദ്രവ്യവും നല്‍കില്ല എന്ന നിലപാടാണ് നൈജീരിയയിലെ മെത്രാന്‍ സമിതി സ്വീകരിച്ചിരിക്കുന്നത്. തെക്കന്‍ നൈജീരിയയില്‍ നിന്നു മാത്രം ഈ വര്‍ഷം തന്നെ മൂന്ന്‍ കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ട് പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഏപ്രില്‍ 18-ന് ജെസ്യൂട്ട് വൈദികനായ സാമുവല്‍ ഓക്കേവുയിദേഗ്ബേയെ അക്രമികളുടെ സംഘം തട്ടിക്കൊണ്ടുപോയിരിന്നു. ജൂണ്‍ 16-ന് തട്ടിക്കൊണ്ട് പോകപ്പെട്ട ഫാദര്‍ ന്വാചുക്ക്വുവിനെ പിന്നീട് പോലിസ് മോചിപ്പിക്കുകയുണ്ടായി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 1ന് ഇമോ സംസ്ഥാനത്തെ ഫാദര്‍ സിറിയക്കൂസ് ഒനുന്‍ക്വോയെ അക്രമികള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയിരുന്നു. രണ്ടുവര്‍ഷം മുന്‍പ് തട്ടിക്കൊണ്ട് പോയ ഫാദര്‍ ഗ്രബ്രിയേല്‍ ഒയാക്കായെക്കുറിച്ച് ഇതുവരെ യാതൊരുവിവരവുമില്ലായെന്നതും വൈദികര്‍ക്ക് നേരെയുള്ള ആക്രമണം എടുത്തുകാണിക്കുന്നു.
ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ സ്ഥിതിയും സമാനമാണ്. കോംഗോയിലെ വടക്കന്‍ സംസ്ഥാനമായ കിവുവിലെ ബെനി-ബുടെംബോ രൂപത ബുന്യാകാ ഇടവകയിലെ ഡോണ്‍ പിയറെ അകിലിമാലി, ഡോണ്‍ ചാള്‍സ് കിപാസാ എന്നിവരെ കഴിഞ്ഞ ജൂലൈ മാസം തട്ടിക്കൊണ്ടു പോയിരിന്നു. ഇവരെക്കുറിച്ച് യാതോരുവിവരവും ലഭ്യമല്ല. 2012-ല്‍ തട്ടിക്കൊണ്ടു പോയ ജീന്‍ പിയറെ ണ്ടുലാനി, അന്‍സെലം വസികുണ്ടി, എഡ്മണ്ട് ബാമുടുട്ടെ എന്നീ അസംപ്ഷന്‍ വൈദികരേക്കുറിച്ചും ഇതുവരെ യാതൊരു വിവരവും ലഭ്യമായിട്ടില്ല. തട്ടിക്കൊണ്ട് പോയ വൈദികരെ ഉടന്‍തന്നെ മോചിപ്പിക്കണമെന്ന ആവശ്യവുമായി കോംഗോ മെത്രാന്‍ സമിതി രംഗത്തുണ്ട്.