News - 2025
കോപ്റ്റിക് ക്രൈസ്തവരെ കൂട്ടക്കൊലചെയ്ത തീവ്രവാദികളില്‍ ഒരാള്‍ പിടിയില്‍
സ്വന്തം ലേഖകന്‍ 30-09-2017 - Saturday
ട്രിപ്പോളി: 2015-ല്‍ ലിബിയയില്‍ വെച്ച് 21 ഈജിപ്ത് കോപ്റ്റിക് ക്രൈസ്തവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘത്തിലെ ഒരാളെ ലിബിയന്‍ സേന അറസ്റ്റ് ചെയ്തു. ചീഫ് പ്രോസിക്യൂട്ടറായ അല്‍-സാദിഖ് അല്‍-സോര്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. 2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ലോക മനസാക്ഷിയെ നടുക്കിയ ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. രണ്ട് വര്‍ഷത്തോളമായി ക്രൈസ്തവ നരഹത്യ നടത്തിയവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ തിരച്ചിലില്‍ ആയിരിന്നു.
കൊലപാതകം ചിത്രീകരിച്ച വീഡിയോ ജിഹാദികള്‍ പുറത്തുവിട്ടതാണ് വ്യോമാക്രമണം പോലെയുള്ള കടുത്ത നടപടികള്‍ക്ക് ഈജിപ്തിനെ പ്രേരിപ്പിച്ചത്. കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നും അവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അല്‍-സാദിഖ് പറഞ്ഞു. അന്ന് കൊലചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മറവ് ചെയ്തിരിക്കുന്ന സ്ഥലം തങ്ങള്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2012-ല്‍ ബെന്‍ഗാസിയില്‍ വെച്ച് യുഎസ് നയതന്ത്ര കാര്യാലയം ആക്രമിച്ച് നയതന്ത്ര പ്രതിനിധിയായ ക്രിസ് സ്റ്റെവന്‍സന്‍ ഉള്‍പ്പെടെ നാല് അമേരിക്കകാരെ കൊലപ്പെടുത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദികളേയും തങ്ങള്‍ പിടികൂടിയതായി അദ്ദേഹം പറഞ്ഞു. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പുറത്തു വിട്ടില്ല. അയല്‍ രാജ്യങ്ങളായ ഈജിപ്തും, ടുണീഷ്യയും അതിര്‍ത്തിയിലെ കാവല്‍ ശക്തമാക്കിയതിനാല്‍ സുഡാനില്‍ നിന്നുമാണ് തീവ്രവാദികള്‍ കൂടുതലായും ലിബിയയില്‍ പ്രവേശിക്കുന്നതെന്ന് അല്‍-സാദിഖ് പറയുന്നു.