News - 2025
ബിഷപ്പ് പാട്രിക് നായര്‍ കാലം ചെയ്തു
സ്വന്തം ലേഖകന്‍ 08-10-2017 - Sunday
ന്യൂഡല്‍ഹി: മീററ്റ് രൂപതയുടെ മുന്‍ മെത്രാന്‍ പാട്രിക് നായര്‍ അന്തരിച്ചു. 85വയസ്സായിരിന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡെറാഡൂണിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. ഡല്‍ഹിയില്‍ ഉദ്യോഗസ്ഥനായിരുന്ന ആലപ്പുഴ കുട്ടനാട് സ്വദേശിയുടെ മകനായി 1932 ഓഗസ്റ്റ് 15നു ആണ് അദ്ദേഹം ജനിച്ചത്. മംഗളൂരു, പുണെ സെമിനാരികളില്‍ വൈദിക പരിശീലനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1959ല്‍ വൈദികപട്ടം സ്വീകരിച്ചു. ഏതാനും വര്‍ഷം മീററ്റ് മൈനര്‍ സെമിനാരിയുടെ റെക്ടറായി പ്രവര്‍ത്തിച്ചു.
മീററ്റ് രൂപതയുടെ രണ്ടാമത്തെ മെത്രാനായി 1974 ഒക്ടോബറില്‍ സ്ഥാനമേറ്റ പാട്രിക് നായര്‍ 2008 ഡിസംബര്‍ വരെ തല്‍സ്ഥാനത്തു തുടര്‍ന്നു. വിരമിച്ച ശേഷം വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. ബിഷപ്പിന്റെ മരണത്തില്‍ സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയഡോര്‍ മസ്കരാന്‍ഹെസ് അനുശോചനം രേഖപ്പെടുത്തി. ദീര്‍ഘനാളത്തെ അദ്ദേഹത്തെ സേവനത്തിന് ദൈവത്തിനു നന്ദി പറയുന്നതായും ആത്മാവിനു നിത്യശാന്തിനേരുന്നതായും അദ്ദേഹം കുറിച്ചു.