News
ക്രൈസ്തവപീഡനം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍: ഐക്യരാഷ്ട്രസഭയുടെ മൗനത്തെ ചോദ്യംചെയ്ത് എസിഎന്‍
സ്വന്തം ലേഖകന്‍ 14-10-2017 - Saturday
ന്യൂയോര്‍ക്ക്: ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (ACN) സംഘടനയുടെ റിപ്പോര്‍ട്ട്. ക്രൈസ്തവര്‍ക്ക് നേരെയുള്ള മതമര്‍ദനം ഏറ്റവും ശക്തമായ നിലയിലായിട്ടും ഐക്യരാഷ്ട്രസഭയും, അന്താരാഷ്‌ട്ര സമൂഹവും വസ്തുതയെ അവഗണിക്കുകയാണെന്നു കത്തോലിക്കാ സന്നദ്ധ സംഘടനയായ എസിഎന്‍ വ്യക്തമാക്കി. ‘അടിച്ചമര്‍ത്തപ്പെട്ടവരും മറന്നവരും’ എന്ന തലക്കെട്ടോടെ ഒക്ടോബര്‍ 12-ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 2015-2017 കാലയളവില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനം എക്കാലത്തേയും ഉയര്‍ന്ന നിലയിലെത്തിയെന്ന്‍ ചൂണ്ടിക്കാട്ടുന്നു.
ഇസ്ലാമിക് സ്റ്റേറ്റ്, ബൊക്കോഹറാം, മറ്റ് മുസ്ലീം തീവ്രവാദ ഗ്രൂപ്പുകള്‍ തുടങ്ങിയവരുടെ ആക്രമണങ്ങളാണ് ഇതിന്റെ മുഖ്യ കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി യോജിച്ചു പോകാത്തതിന്റെ പേരില്‍ ചൈനയിലെ 127 ദശലക്ഷത്തോളം വരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള മതപീഡനത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇറാഖിലെ പകുതിയോളം ക്രിസ്ത്യന്‍ സമൂഹം അഭയാര്‍ത്ഥികളായി മാറിയിരിക്കുന്നു. സിറിയയില്‍ ക്രിസ്ത്യന്‍ ശക്തികേന്ദ്രമായിരുന്ന ആലപ്പോ നഗരത്തിലെ ക്രിസ്ത്യാനികളുടെ എണ്ണം 1,50,000ത്തില്‍ നിന്നും വെറും 35,000മായി കുറഞ്ഞു.
ആക്രമണങ്ങള്‍ക്കിരയായവരുടെ എണ്ണവും, ആക്രമണങ്ങളുടെ എണ്ണവും അതിന്റെ ദുരിതങ്ങളും കണക്കിലെടുക്കുമ്പോള്‍ ചരിത്രത്തില്‍ എക്കാലത്തേക്കാളുമധികമായി ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് വ്യക്തമാക്കുകയാണെന്ന് റിപ്പോര്‍ട്ടിന്റെ എഡിറ്ററായ ജോണ്‍ പൊന്തിഫെക്സ് പറഞ്ഞു. ഐക്യരാഷ്ട്രസഭയും പാശ്ചാത്യ രാജ്യങ്ങളിലെ ഭരണകൂടങ്ങളും സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പ്രവര്‍ത്തിയില്‍ കാണുന്നില്ല. ഇറാഖിലെ മൊസൂള്‍, നിനവേ മേഖലകളിലെ ഭവനരഹിതരായ ക്രിസ്ത്യാനികള്‍ക്ക് വെറും ടാര്‍പ്പോളിന്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. അവര്‍ക്കാവശ്യം വീടും, മരുന്നുമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രിസ്ത്യന്‍ സംഘടനകള്‍ സജീവമായി രംഗത്ത് വന്നില്ലായിരുന്നുവെങ്കില്‍ ഇറാഖ് ഉള്‍പ്പെടെ പശ്ചിമേഷ്യയില്‍ നിന്നും ക്രിസ്ത്യന്‍ സമുദായം അപ്രത്യക്ഷമാകുമായിരുന്നു. ക്രിസ്ത്യാനികള്‍ക്കെതിരേ വംശീയ കൂട്ടക്കുരുതിയാണ് നടക്കുന്നതെന്ന് പോലും ഇതുവരെ പല സര്‍ക്കാരുകളും, അന്താരാഷ്ട്ര സംഘടനകളും അംഗീകരിച്ചിട്ടു പോലുമില്ലെന്ന കാര്യവും റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്. എറിത്രിയ, നോര്‍ത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രിസ്ത്യാനികളുടെ കാര്യത്തിലുള്ള ആശങ്കയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.