News
ഓപുസ്സ് പുരസ്ക്കാരം സിസ്റ്റർ മാരിലിൻ ലേസിയ്ക്ക്
സ്വന്തം ലേഖകന്‍ 16-10-2017 - Monday
ഡെന്‍വര്‍: ആഗോള തലത്തില്‍ നേരിടുന്ന പ്രശ്നങ്ങളില്‍ വിശ്വാസത്തെ മുറുകെപിടിച്ച് ചെയ്യുന്ന കാരുണ്യപ്രവർത്തികൾക്ക് നൽകുന്ന ഓപുസ്സ് അവാര്‍ഡ് കരുണയുടെ സന്യാസിനി കോണ്‍ഗ്രിഗേഷനിലെ സിസ്റ്റർ മാരിലിൻ ലേസിയ്ക്ക്. ഡെൻവറിലെ റെഗിസ് യൂണിവേഴ്‌സിറ്റിയാണ് പത്തു ലക്ഷം രൂപ അടക്കമുള്ള പുരസ്ക്കാരം സിസ്റ്റര്‍ മാരിലിനു സമ്മാനിച്ചത്. സൗത്ത് സുഡാൻ, ഹെയ്ത്തി എന്നിവിടങ്ങളിൽ നിന്ന് നാടുകടത്തപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികൾക്കും വേണ്ടി സിസ്റ്റര്‍ നടത്തിയ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്താണ് അവാർഡ്.
1400-ല്‍ അധികം സ്ത്രീകൾക്കും കുട്ടികൾക്കുമാണ് സിസ്റ്ററിന്റെ നേതൃത്വത്തിലുള്ള ‘മേഴ്സി ബിയോണ്ട് ബോര്‍ഡേഴ്സ്’ എന്ന സംഘടന പ്രതിവർഷം സഹായം നൽകുന്നത്. ഇരുപത്തിഅഞ്ച് വര്‍ഷം അഭയാര്‍ത്ഥികള്‍ക്കിടയില്‍ ശുശ്രൂഷ ചെയ്ത സിസ്റ്റര്‍ 1983 -2005 കാലഘട്ടത്തിൽ സുഡാനിൽ അരങ്ങേറിയ ആഭ്യന്തര യുദ്ധത്തിനിടെ വീട്ടുകാരിൽ നിന്ന് അകറ്റപ്പെട്ട ആൺകുട്ടികളുടെ സംരക്ഷണവും ഏറ്റെടുത്തിരുന്നു.
കത്തോലിക്ക യൂണിവേഴ്സിറ്റികളുടെ സഹായത്തോടെയാണ് ഓരോ വര്‍ഷവും ഓപുസ്സ് അവാര്‍ഡ് നല്‍കുന്നത്. 1994-ല്‍ മുതലാണ് ഈ അവാര്‍ഡ് നല്‍കിതുടങ്ങിയത്. അമേരിക്കയിലെ ജെസ്യൂട്ട് സഭയുടെ നേതൃത്വമുള്ള റെഗിസ് യൂണിവേഴ്സിറ്റിയുടെ സഹായത്തോടെയാണ് ഇത്തവണ അവാര്‍ഡ് ജേതാവിനെ കണ്ടെത്തിയത്. ഓപുസ് അവാര്‍ഡ് നേടുന്ന നാലാമത്തെ അമേരിക്കന്‍ സ്വദേശിയാണ് സിസ്റ്റർ മാരിലിൻ. ജമൈക്ക, ബ്രസീല്‍, ഫിലിപ്പീന്‍സ്, കെനിയ, മെക്സിക്കൊ ടാന്‍സാനിയ, മൊറോക്കോ തുടങ്ങീയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഈ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.