News - 2025
ഹൈന്ദവ സമൂഹത്തിനു ദീപാവലി ആശംസകളുമായി വത്തിക്കാന്‍
സ്വന്തം ലേഖകന്‍ 17-10-2017 - Tuesday
വത്തിക്കാൻ സിറ്റി: ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന ഹൈന്ദവ ജനതയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് വത്തിക്കാന്‍. മതങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്ന ഇന്റര്‍ റിലീജിയസ് പൊന്തിഫിക്കല്‍ കൗണ്‍സിലാണ് ദീപാവലി ആശംസകള്‍ നേര്‍ന്നത്. “ക്രൈസ്തവരും ഹൈന്ദവരും: സഹിഷ്ണുതയ്ക്കുമപ്പുറം” എന്ന തലക്കെട്ടില്‍ പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ജീന്‍ ലൂയിസാണ് സഹിഷ്ണുതയുടെ ആവശ്യകതയെയും ദീപാവലി ആശംസയേയും സമന്വയിപ്പിച്ചുകൊണ്ട് സന്ദേശം തയാറാക്കിയത്. എല്ലാവരും സഹിഷ്ണുതയും ബഹുമാനവും പുലർത്തുവാന്‍ പരസ്പരം ശ്രമിക്കണമെന്ന് സന്ദേശത്തിൽ പറയുന്നു.
ലോകത്തില്‍ നടമാടുന്ന അക്രമങ്ങളുടെയും അനീതിയുടെയും പശ്ചാത്തലത്തില്‍ ക്രിസ്ത്യന്‍ ഹൈന്ദവ സഹോദരങ്ങള്‍ പരസ്പര ബഹുമാനവും, ഐക്യവും ഉള്ളവരാകുന്നതിനു കഴിവുള്ളവരാകട്ടെ എന്നാശംസിക്കുന്നു. ഓരോ വ്യക്തിയിലുമുള്ള ആന്തരികമഹത്വം അംഗീകരിച്ചുകൊണ്ട്, യഥാര്‍ഥ ആദരവിന്‍റെ സംസ്ക്കാരം കെട്ടിപ്പടുക്കാം. സ്വന്തമായ ആത്മീയപാരമ്പര്യങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോഴും, സര്‍വജനതയുടെയും ഐക്യത്തിനും ക്ഷേമത്തിനുംവേണ്ടിയുള്ള പരിഗണനകള്‍ പങ്കുവെയ്ക്കാം.
സമാധാനവും മതസൗഹാർദവും നിലനിർത്താൻ പരസ്പര ബഹുമാനവും പരിഗണനയുമാണ് ആവശ്യം. സമൂഹത്തിൽ നിലനില്ക്കുന്ന സംസ്കാര വൈവിധ്യവും ആചാരങ്ങളും സാമൂഹിക ഐക്യത്തിന് മുതൽക്കൂട്ടാണ്. ലോകത്തു നല്ല കാര്യങ്ങൾ ഒരുപാട് നടക്കുന്നുണ്ട്, പക്ഷേ അതേസമയം തന്നെ നമ്മെ ആഴത്തിൽ വേദനിപ്പിക്കുന്ന കാര്യങ്ങളും നടക്കുന്നുണ്ട്. പ്രത്യാശയുടെ വെളിച്ചം എത്തിക്കുവാന്‍ ദീപാവലിയുടെ ആഘോഷങ്ങള്‍ക്ക് സാധിക്കട്ടെ എന്ന ആശംസയോടെയാണ് കത്ത് അവസാനിപ്പിക്കുന്നത്. ഇന്റര്‍ റിലീജിയസ് പൊന്തിഫിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി മോണ്‍. മിഗുവേല്‍ ഏഞ്ചല്‍ ആയുസോ ഗുക്സോട്ടും ആശംസ കത്തില്‍ ഒപ്പ് വച്ചിട്ടുണ്ട്.