News - 2025
ആവശ്യക്കാര്‍ക്കു നല്‍കാതെ ധനം സ്വരൂപിക്കുന്നവര്‍ വിഗ്രഹാരാധകരാണെന്ന് ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 25-10-2017 - Wednesday
വത്തിക്കാന്‍ സിറ്റി: ആവശ്യക്കാര്‍ക്കു നല്‍കാതെ ധനം സ്വരൂപിക്കുന്നവര്‍ വിഗ്രഹാരാധകര്‍ തന്നെയാണെന്നു ഫ്രാന്‍സിസ് പാപ്പ. ഒക്ടോബര്‍ 23 തിങ്കളാഴ്ച സാന്താ മാര്‍ത്തയിലെ കപ്പേളയിലര്‍പ്പിച്ച പ്രഭാത ബലിമധ്യേ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ധനമെന്ന വിഗ്രഹത്തെ ആരാധിക്കരുതെന്നും പാപ്പ പറഞ്ഞു. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുള്ള ഭോഷനായ ധനികന്‍റെ ഉപമയെ ആസ്പദമാക്കിയാണ് പാപ്പ വചനസന്ദേശം നല്‍കിയത്.
ധനവാന്‍റെ ദൈവം അവന്‍റെ സമ്പത്തായിരുന്നു. നല്ല വിളവു ലഭിച്ചിട്ടും അത്യാഗ്രഹം അവസാനിക്കാതെ, വലിയ അറപ്പുരകള്‍ നിര്‍മിക്കുകയായിരുന്നു അയാള്‍. ഈ സാഹചര്യത്തില്‍ ദൈവം അയാളുടെ ധനത്തോടുള്ള ആഗ്രഹത്തെ നിയന്ത്രിക്കുകയാണ്. തനിക്കുവേണ്ടിത്തന്നെ സമ്പാദിക്കുന്നവന്‍ അതിനെ ശാശ്വതമാക്കുന്നില്ല എന്നാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്. ഇന്നും ഇതു യാഥാര്‍ഥ്യമാണ്. അനേകര്‍ ഇന്നും സമ്പത്തിനെ ആരാധിച്ചുകൊണ്ടു ജീവിക്കുന്നു.
അത് ജീവിതത്തിനു അര്‍ഥം നല്‍കുന്നില്ല. തനിക്കുവേണ്ടിത്തന്നെ നിക്ഷേപങ്ങളുണ്ടാക്കുന്നവര്‍, ദൈവത്തോടുകൂടി സമ്പത്തുണ്ടാക്കുന്നതെങ്ങനെയെന്ന് അറിയുന്നില്ല. ധനത്തിന്‍റെ അടിമയായിരിക്കുന്നവര്‍ക്കുമുമ്പില്‍, വിശപ്പനുഭവിക്കുന്ന കുഞ്ഞുങ്ങള്‍, മരുന്നു വാങ്ങാനോ, പഠിക്കാനോ കഴിയാത്ത കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെടുകയാണ്. ആവശ്യക്കാര്‍ക്കു കൊടുക്കാതെ ധനം സ്വരൂപിക്കുന്നവര്‍ വിഗ്രഹാരാധകര്‍ തന്നെയാണ്. അവര്‍ ആരാധിക്കുന്ന ധനത്തിനു മുമ്പില്‍ ബലിയര്‍പ്പിക്കപ്പെടുന്ന ജീവിതങ്ങള്‍ അനേകരാണെന്നും പാപ്പ ചൂണ്ടിക്കാട്ടി.
സമ്പത്തെന്ന വിഗ്രഹാരാധനയില്‍ മനുഷ്യര്‍ ബലിയര്‍പ്പിക്കപ്പെടുന്നു. ഈ വിഗ്രഹാരാധന അനേകരെ പട്ടിണിയിലാക്കുന്നു. അഭയാര്‍ഥി ക്യാമ്പില്‍ ദുരിതമേറിയ ജീവിതം നയിക്കുന്ന എട്ടുലക്ഷം രോഹിങ്ക്യകളുടെയിടയില്‍ രണ്ടുലക്ഷം കുഞ്ഞുങ്ങളാണ് ഭക്ഷണമില്ലാതെ, പോഷണമില്ലാതെ കഴിയുന്നത്. സമ്പത്തെന്ന അത്യാഗ്രഹത്തില്‍ നിന്നു മനുഷ്യന്‍ മോചിക്കപ്പെടേണ്ടതിന് ശക്തമായി പ്രാര്‍ത്ഥിക്കുക എന്ന ആഹ്വാനം നല്‍കിയാണ് ഫ്രാന്‍സിസ് പാപ്പ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്