News - 2025
വിശ്വാസത്തിനുവേണ്ടി മരണം വരിക്കുവാന്‍ കത്തോലിക്കര്‍ തയ്യാറായിരിക്കണമെന്ന് ബിഷപ്പ് അത്താനേഷ്യസ്
സ്വന്തം ലേഖകന്‍ 23-10-2017 - Monday
വിർജീനിയ: വിജാതീയരേയും അവിശ്വാസികളേയും മാത്രമല്ല സ്വസഭയില്‍ നിന്നുള്ള മതവിരുദ്ധവാദികളേയും നേരിടേണ്ടതിനാല്‍ കത്തോലിക്കര്‍ സ്വന്തം വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിക്കുവാന്‍ തയ്യാറായിരിക്കണമെന്ന് ഖസാഖിസ്ഥാനിലെ ഓക്സിലറി ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡര്‍. അമേരിക്കയിലെ വിര്‍ജീനിയായിലുള്ള ലെപാന്റോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ജനന നിയന്ത്രണമെന്ന ഭീഷണിയെക്കുറിച്ചുള്ള അന്താരാഷ്‌ട്ര സിമ്പോസിയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
“കത്തോലിക്കാ വിശ്വാസവും രക്തസാക്ഷിത്വവും” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ബിഷപ്പ് ഷ്നീഡര്‍ പ്രഭാഷണം നടത്തിയത്. മരണംവരെ വിശ്വസ്തനായിരിക്കുക; ജീവന്റെ കീരിടം നിനക്കു ഞാന്‍ നല്‍കും” (വെളിപാട് 2:10) എന്ന വചനത്തെ ചൂണ്ടികാണിച്ചുകൊണ്ട് വിശ്വാസം സംരക്ഷിക്കുക എന്നത് ദൈവം നമുക്ക് തന്നിട്ടുള്ള ഒരു മഹനീയ ദൗത്യമാണെന്നു അദ്ദേഹം പറഞ്ഞു.
You May Like: തിരുസഭയുടെ പാരമ്പര്യത്തോട് കത്തോലിക്കര്‍ വിശ്വസ്തരായിരിക്കണമെന്നു ബിഷപ്പ് ഷ്നീഡര്‍
ഇക്കഴിഞ്ഞ വ്യാഴാഴ്ച നടന്ന സിമ്പോസിയത്തില്‍ കത്തോലിക്കാ സഭയെ ക്ഷയിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവരെക്കുറിച്ചുള്ള വിശകലനവും നടന്നു. പാഷണ്ഡത വിശ്വാസത്തിന്റെ ശത്രുവാണ്. യഥാര്‍ത്ഥ കത്തോലിക്കനേപ്പോലെയല്ല പാഷണ്ഡത പ്രചരിപ്പിക്കുന്നവര്‍. അവര്‍ തങ്ങളുടെ യുക്തിക്കും വിശ്വാസത്തിനുമനുസരിച്ച് വിവിധ സിദ്ധാന്തങ്ങള്‍ക്ക് അടിമകളായി തീരുന്നു. ധാര്‍മ്മിക പാപങ്ങളാണ് വിശ്വാസത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയെന്നും അതിനാല്‍ വിശ്വാസത്തിന്റെ സത്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നവരാണ് രക്തസാക്ഷികളെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
പതിനേഴാം നൂറ്റാണ്ടില്‍ അയര്‍ലന്‍ഡിലെ ബ്രിട്ടാസ്സില്‍ ജീവിച്ചു കത്തോലിക്ക വിശ്വാസത്തിന് വേണ്ടി നിലകൊണ്ട് രക്തസാക്ഷിത്വം വരിച്ച സര്‍ ജോണ്‍ ബുര്‍ക്കെയുടെ ജീവിതം പങ്കുവെച്ചുകൊണ്ട് വിശ്വസ്തതയുള്ള കത്തോലിക്കരായി ജീവിക്കുവാന്‍ വേണ്ട അനുഗ്രഹത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സത്യത്തിന് വേണ്ടി നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും വഴി ലോകത്തിന്റെ ക്ഷേമദായകരായിരിക്കുവാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.