News

പുതിയ ദൗത്യമേറ്റെടുത്ത് തട്ടില്‍ പിതാവ്: ഷംഷാബാദ് രൂപത സ്ഥാപിതമായി

സ്വന്തം ലേഖകന്‍ 07-01-2018 - Sunday

ഹൈദരാബാദ്: 23 സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് ദ്വീപുകളും അടങ്ങുന്ന ഷംഷാബാദ് രൂപതയുടെ സ്ഥാപനവും മാർ റാഫേൽ തട്ടിലിന്റെ സ്ഥാനാരോഹണവും നടന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ കാര്‍മ്മികത്വത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍. മാർപാപ്പയുടെ പ്രതിനിധി റവ. ഡോ. സിറിൽ വാസിൽ, ഹൈദരാബാദ് ആർച്ച് ബിഷപ്പ് ഡോ. തുമ്മാ ബാല, മോണ്‍സിഞ്ഞോര്‍ ലോറന്‍സോ ലൊറുസോ തുടങ്ങിവയര്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കി.

വിശുദ്ധ കുര്‍ബാനമധ്യേ സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വചനസന്ദേശം നല്‍കി. ഹൈദരാബാദ് ബാലാപൂരിലെ സാന്തോം നഗറിൽ സികെആർ ആൻഡ് കെആർ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ തൃശൂർ ആർച്ച് ബിഷപ്പ്മാർ ആൻഡ്രൂസ് താഴത്ത് അടക്കം അറുപതോളം മെത്രാൻമാരും പങ്കെടുത്തു.

പൊതുയോഗത്തില്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിനു പുറമെ തെലുങ്കാന മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളും പുതിയ രൂപതയ്ക്കും അധ്യക്ഷനും ആശംസകളര്‍പ്പിച്ചു സംസാരിച്ചു. നൂറുകണക്കിനു വിശ്വാസികളാണ് ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയത്.

തെലങ്കാന മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വരെ ഇതിനുള്ളിൽ വരും. കേരളത്തിനുപുറത്തു പല നഗരങ്ങളിലായി കഴിയുന്ന സീറോ മലബാർ വിശ്വാസികളും പ്രേഷിത പ്രവർത്തനത്തിനു പോകുന്നവരും ലത്തീൻ രൂപതകളുടെ കീഴിലായിരുന്നു ഇതുവരെ. ചിതറിക്കിടക്കുന്ന ഈ മേഖലകളാണു പുതിയ രൂപതയ്ക്ക് കീഴിൽ വന്നിരിക്കുന്നത്.

1956 ഏപ്രില്‍ 21-നാണ് മാര്‍ റാഫേല്‍ തട്ടിലില്‍ ജനിച്ചത്. തൃശൂര്‍ സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കിയ മാര്‍ റാഫേല്‍ തട്ടില്‍ തൃശ്ശൂര്‍ രൂപതയ്ക്കുവേണ്ടി 1980 ഡിസംബര്‍ 21-ന് പൗരോഹിത്യം സ്വീകരിച്ചു.

അരണാട്ടുകര പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായും തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ ഫാദര്‍ പ്രീഫെക്ട്, വൈസ് റെക്ടര്‍, പ്രെക്കുരേറ്റര്‍ എന്നീ നിലകളിലും കൂനംമുച്ചി, ചേരുംകുഴി പള്ളികളില്‍ ആക്ടിംഗ് വികാരിയായും സേവനം ചെയ്തിട്ടുണ്ട്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം രൂപതാ വൈസ് ചാന്‍സലര്‍, ചാന്‍സലര്‍, സിന്‍ചെല്ലൂസ് എന്നീ പദവികള്‍ വഹിച്ചു. രൂപതാ കച്ചേരിയില്‍ നോട്ടറിയും ജഡ്ജിയും അഡ്ജുറ്റന്‍റ് വികാരിയുമായിരുന്നു.

2010-ല്‍ തൃശ്ശൂര്‍ അതിരൂപതാ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 2014 മുതൽ ഇന്ത്യയിൽ സീറോ മലബാർ സഭയുടെ അധികാരപരിധിക്ക് പുറത്ത് നൂറോളം മിഷൻ കേന്ദ്രങ്ങളിലായി താമസിക്കുന്ന രണ്ടു ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്തോലിക് വിസിറ്റേറ്ററായി സേവനം ചെയ്യുമ്പോഴാണ് മാർ തട്ടിലിന് പുതിയ നിയോഗം ലഭിച്ചത്.

More Archives >>

Page 1 of 270