News

ചൈനീസ് സര്‍ക്കാര്‍ തടങ്കലിലായിരുന്ന ബിഷപ്പ് ഒടുവില്‍ മോചിതനായി

സ്വന്തം ലേഖകന്‍ 05-01-2018 - Friday

ബെയ്ജീംഗ്: ചൈനീസ് സര്‍ക്കാര്‍ അംഗീകൃത സഭയായ പാട്രിയോട്ടിക് അസോസിയേഷനില്‍ അംഗത്വമെടുത്തില്ല എന്ന കാരണത്താല്‍ കഴിഞ്ഞ എഴുമാസമായി പോലീസ് തടങ്കലിലായിരിന്ന ബിഷപ്പ് മോണ്‍. പീറ്റര്‍ ഷാവോ സൂമിന്‍ ഒടുവില്‍ മോചിതനായി. വത്തിക്കാന്‍ അംഗീകാരമുള്ളതും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലാത്തതുമായ വെന്‍സോ രൂപതയിലെ മെത്രാനാണ് മോണ്‍. ഷാവോ സൂമിന്‍. ബിഷപ്പിന്റെ മോചനത്തിനായി അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ധം ഉയര്‍ന്നിരിന്നു. ഇക്കഴിഞ്ഞ 3-ാം തീയതിയാണ് അദ്ദേഹം മോചിക്കപ്പെട്ടത്. പാട്രിയോട്ടിക് അസോസിയേഷനില്‍ അംഗത്വമെടുത്തില്ല എന്ന കാരണത്താല്‍ കഴിഞ്ഞ വര്‍ഷം മെയ് 18-നാണ് മോണ്‍. ഷാവോ സൂമിന്‍ പോലീസ് കസ്റ്റഡിയിലാവുന്നത്.

കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ രൂപതയില്‍ നിന്നും ഏറെ മാറി അജ്ഞാതമായ സ്ഥലത്തു താമസിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം 18-ന് അദ്ദേഹത്തിന്റെ രൂപതയിലെ വിശ്വാസികള്‍ ബിഷപ്പിന്റെ മോചനത്തിനായി പ്രചാരണ പരിപാടികളും പ്രാര്‍ത്ഥനകളും ഉപവാസങ്ങളും സംഘടിപ്പിച്ചിരുന്നു. ഈ പ്രചാരണ പരിപാടി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ചൈന സന്ദര്‍ശിച്ച ജര്‍മ്മന്‍ അംബാസഡറായ മൈക്കേല്‍ ക്ലോസും ഇദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ടിരുന്നു. കൂടാതെ വത്തിക്കാനും ഇക്കാര്യത്തില്‍ തങ്ങളുടെ ആശങ്കകള്‍ അറിയിക്കുകയുണ്ടായി.

സെപ്റ്റംബര്‍ 11-ന് ചെവിയിലെ ശാസ്ത്രക്രിയക്കായി ബീജിംഗിലെ ടോന്‍ഗ്രെന്‍ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് അദ്ദേഹത്തെ അവസാനമായി പുറംലോകം കാണുന്നത്. ഈ സമയത്ത് തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ‘വിചാറ്റ്’ അക്കൗണ്ടിലൂടെ അദ്ദേഹം വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരിന്നു. കസ്റ്റഡിയിലായിരുന്ന കാലമത്രയും പോലീസ് അദ്ദേഹത്തെ സര്‍ക്കാര്‍ അംഗീകൃത പാട്രിയോടിക്ക് അസോസിയേഷനില്‍ ചേരുവാന്‍ സമ്മര്‍ദ്ധം ചെലുത്തിയെന്നാണ് ഏഷ്യ ന്യൂസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

പാട്രിയോട്ടിക് അസോസിയേഷനെ അംഗീകരിക്കുക, സ്വന്തം ഇഷ്ടപ്രകാരം മെത്രാന്‍ പദവിയിലെത്തുന്നതിനെ പിന്തുണക്കുക, വത്തിക്കാന്‍ അംഗീകരിച്ചിട്ടില്ലാത്ത മെത്രാന്‍മാരുമായി സഹകരിക്കുക, അടുത്ത മാസം പ്രാബല്യത്തില്‍ വരുത്തുവാനിരിക്കുന്ന പുതിയ മതനിയമങ്ങളെ അംഗീകരിക്കുക തുടങ്ങിയ നാല് വ്യവസ്ഥകളില്‍ ഒപ്പുവെക്കുവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതും അദ്ദേഹം വിസമ്മതിക്കുകയായിരിന്നു.

മോണ്‍. ഷാവോ സൂമിന്റെ കേസ് ലോകശ്രദ്ധ പിടിച്ചുപറ്റുന്നത് തടയുക എന്ന ലക്ഷ്യത്തോടെ മോചനം സാധ്യമാക്കുകയായിരിന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. വെന്‍സോ രൂപതയ്ക്കു കീഴില്‍ ഏതാണ്ട് 1,30,000 വിശ്വാസികള്‍ സര്‍ക്കാര്‍ അംഗീകൃത സഭയിലും, വത്തിക്കാന്‍ അംഗീകൃത സഭയിലുമായി വിഭജിക്കപ്പെട്ട് കഴിയുന്നു. ഇതില്‍ 80,000 ത്തോളം വിശ്വാസികള്‍ വത്തിക്കാന്‍ അംഗീകൃത സഭയ്ക്കു കീഴിലാണ്.

More Archives >>

Page 1 of 269