News - 2025

പുരാതന ലത്തീന്‍ കുര്‍ബാന ക്രമത്തിന്റെ ബ്രെയിലി രൂപം ഉടന്‍ പുറത്തിറങ്ങും

സ്വന്തം ലേഖകന്‍ 06-01-2018 - Saturday

ലണ്ടന്‍: പുരാതന ലത്തീന്‍ ക്രമത്തിലുള്ള വിശുദ്ധ കുര്‍ബാന പുസ്തകത്തിന്റെ ‘ബ്രെയിലി’ ഭാഷാ രൂപം ഈ മാസം അവസാനത്തോടെ ലഭ്യമാകും. ഇക്കാര്യം ദി ലാറ്റിന്‍ മാസ്സ് സൊസൈറ്റിയുടെ ചെയര്‍മാനായ ജോസഫ് ഷായാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇതാദ്യമായാണ് പുരാതന ലത്തീന്‍ ക്രമത്തിലുള്ള വിശുദ്ധ കുര്‍ബാന പുസ്തകം ബ്രെയിലി ഭാഷാരൂപത്തില്‍ ഇറങ്ങുന്നത്. യു.കെ ആസ്ഥാനമായി കാഴ്ചാവൈകല്യമുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ടോര്‍ച്ച് ട്രസ്റ്റുമായി സഹകരിച്ചാണ് ലാറ്റിന്‍ മാസ്സ് സൊസൈറ്റി ബ്രെയിലി രൂപത്തിലുള്ള വിശുദ്ധ കുര്‍ബാന പുസ്തകം ഇറക്കുന്നത്.

ബ്രെയിലി രൂപത്തിലുള്ള വിശുദ്ധ കുര്‍ബാനക്ക് വേണ്ടിയുള്ള ആവശ്യം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇത്തരത്തില്‍ നടപടിയെടുത്തതെന്ന് ജോസഫ് ഷാ പറഞ്ഞു. ‘ബിഷപ്സ് കാനന്‍’ എന്ന പേരില്‍ കാഴ്ചക്കുറവുള്ള പുരോഹിതര്‍ക്കായി വലിയ അക്ഷരത്തിലുള്ള തക്സയും അനുബന്ധ പുസ്തകങ്ങളും ദി ലാറ്റിന്‍ മാസ്സ് സൊസൈറ്റി തയാറാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ഇംഗ്ലീഷ് കുര്‍ബാന ക്രമം ബ്രെയിലി രൂപത്തില്‍ ഇതിനു മുന്‍പ് തന്നെ ഇറങ്ങിയിട്ടുണ്ട്.

നേരത്തെ അമേരിക്കന്‍ സ്ഥാപനമായ ‘ദി സേവ്യര്‍ സൊസൈറ്റി ഫോര്‍ ദി ബ്ലൈന്‍ഡ്’ മതബോധനപുസ്തകവും, പുതിയ അമേരിക്കന്‍ ബൈബിളും ബ്രെയിലി രൂപത്തില്‍ ഇറക്കിയിരിന്നു. 19-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന ലൂയീസ് ബ്രെയിലി എന്ന കത്തോലിക്കാ സംഗീതജ്ഞനാണ് ബ്രെയിലി ഭാഷ കണ്ടുപിടിച്ചത്. ദശകങ്ങള്‍ക്ക് മുന്‍പ് ലോകത്ത് ആദ്യമായി അന്ധന്‍മാര്‍ക്ക്‌ വേണ്ടി കത്തോലിക്ക വിശ്വാസിയായ വാലെന്റിന്‍ ഹോയ് പാരീസില്‍ സ്ഥാപിച്ച സ്കൂളിലെ ഒരു വിദ്യാര്‍ത്ഥി കൂടിയായിരുന്നു അദ്ദേഹം.

More Archives >>

Page 1 of 270