News - 2025
മുപ്പത്തിനാല് കുഞ്ഞുങ്ങള്‍ക്ക് മാര്‍പാപ്പ ജ്ഞാനസ്നാനം നല്‍കി
സ്വന്തം ലേഖകന്‍ 08-01-2018 - Monday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ മുപ്പത്തിനാല് കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്നാനം നല്‍കി. വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലില്‍ പ്രാദേശിക സമയം രാവിലെ 9.30-ന് അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് കുഞ്ഞുങ്ങള്‍ക്ക് മാമോദീസ നല്‍കിയത്. ഇതില്‍ ഭൂരിഭാഗം കുഞ്ഞുങ്ങളും വത്തിക്കാനിലെ ജോലിക്കാരുടെ മക്കളാണ്. 18 പെണ്‍കുഞ്ഞുങ്ങളും 16 ആണ്‍കുഞ്ഞുങ്ങളുമാണ് മാമോദീസ മുക്കപ്പെട്ടത്. മാതാപിതാക്കള്‍ തങ്ങള്‍ക്കു ലഭിച്ച കത്തോലിക്കാ വിശ്വാസം കുഞ്ഞുങ്ങള്‍ക്കു പകര്‍ന്നു നല്കുന്നത് കുടുംബത്തില്‍വച്ചാണെന്നും സ്‌നേഹാന്തരീക്ഷത്തില്‍ കുഞ്ഞുങ്ങളെ വളര്‍ത്തണമെന്നും പാപ്പ പറഞ്ഞു.
സ്‌നേഹത്തിന്റെ ഭാഷയിലാണ് വിശ്വാസം പകര്‍ന്നു നല്കപ്പെടുന്നത്. മാതാപിതാക്കള്‍ സ്‌നേഹത്തിന്റെ ഭാഷ സംസാരിച്ചില്ലെങ്കില്‍ വിശ്വാസവും പകര്‍ന്നു നല്കപ്പെടില്ല. ഈശുശ്രൂഷയ്ക്കിടെ കുഞ്ഞുങ്ങള്‍ കരയുന്നുണ്ടെങ്കില്‍ അവര്‍ക്ക് അസ്വസ്ഥത തോന്നിയിട്ടായിരിക്കാം, അല്ലെങ്കില്‍ ചൂടുകൊണ്ടായിരിക്കാം, അതുമല്ലെങ്കില്‍ വിശന്നിട്ടായിരിക്കാം. കുഞ്ഞിനു വിശക്കുന്നുണ്ടെങ്കില്‍ മുലകൊടുക്കണം. അതും സ്‌നേഹത്തിന്റെ ഭാഷയാണെന്നും പാപ്പ പറഞ്ഞു.
ജ്ഞാനസ്നാനത്തെ കുറിച്ചുള്ള തന്റെ ചിന്ത അദ്ദേഹം ട്വിറ്ററിലും പിന്നീട് പങ്കുവെച്ചു. ജ്ഞാനസ്നാനത്തെ ‘ജ്ഞാനോദയം’ എന്നും വിളിക്കാമെന്നും വിശ്വാസം നമ്മുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കുകയും യാഥാര്‍ത്ഥ്യങ്ങളെ വ്യത്യസ്തമായി കാണാനുള്ള വെളിച്ചം അതു നല്‍കുന്നുണ്ടെന്നുമായിരിന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇറ്റാലിയന്‍, ഇംഗ്ലീഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പയുടെ ഈ സന്ദേശം പങ്കുവെക്കപ്പെട്ടു.