News

എഴുവര്‍ഷത്തിന് ശേഷം 'ഇരുമ്പ് ദേവാലയം' തുറന്നു കൊടുത്തു

സ്വന്തം ലേഖകന്‍ 08-01-2018 - Monday

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ പൂര്‍ണമായും ഇരുമ്പുകൊണ്ടു നിര്‍മിച്ച 'ഇരുമ്പ് ദേവാലയം' എഴുവര്‍ഷത്തെ പുനരുദ്ധാരണത്തിന് ശേഷം തുറന്നു കൊടുത്തു. ഇന്നലെ തുര്‍ക്കി പ്രസിഡന്റ് ടയിപ്പ് എര്‍ദോഗനും ബള്‍ഗേറിയന്‍ പ്രധാനമന്ത്രി ബോയ്‌കോ ബോറിസോവും ചേര്‍ന്നാണ് ദേവാലയം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്. ഇസ്താംബൂളിനടുത്ത് ബാലാത്തിലാണ് വിശുദ്ധ സ്റ്റീഫന്‍റെ നാമധേയത്തിലുള്ള ഈ ബള്‍ഗേറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയം സ്ഥിതി ചെയ്യുന്നത്.

ഇസ്താംബൂളിന്റെ മനോഹാരിതയും സമ്പത്തും എടുത്തുകാണിക്കുന്ന ഒന്നാണ് സെന്‍റ് സ്റ്റീഫന്‍ ദേവാലയമെന്ന് പ്രസിഡന്‍റ് ടയിപ്പ് എര്‍ദോഗന്‍ പറഞ്ഞു. ദേവാലയങ്ങളും സിനഗോഗുകളും പുനരുദ്ധരിക്കുന്ന തുര്‍ക്കി ഗവണ്‍മെന്‍റിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ ദേവാലയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ദേവാലയത്തിന്റെ പുനരുദ്ധാരണം വഴി ക്രിസ്ത്യന്‍ രാജ്യമായ ബള്‍ഗേറിയയും ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ തുര്‍ക്കിയും തമ്മിലുള്ള ബന്ധം അടുപ്പിച്ചിരിക്കുകയാണ്.

ക്രൈസ്തവ ദേവാലയം പുനരുദ്ധരിക്കുവാന്‍ തുര്‍ക്കി കാണിച്ച സന്മനസിനു പകരമായി ബള്‍ഗേറിയന്‍ ഗവണ്‍മെന്‍റ് തങ്ങളുടെ രാജ്യത്തെ പ്ലോവ്ദിവ് നഗരത്തില്‍ സ്ഥിതിചെയ്യുന്ന മോസ്ക്ക് പുനരുദ്ധരിക്കും. 2011-ല്‍ ആരംഭിച്ച പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് 3.5 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചിലവായെന്നാണ് കണക്ക്. നേരത്തെ സെന്റ് സ്റ്റീഫന്‍ ദേവാലയം തടിയിലാണ് ആദ്യം നിര്‍മിച്ചത്. 1898 ല്‍ തീപിടിച്ചു നശിച്ചതിനെത്തുടന്നാണ് പൂര്‍ണമായും ഇരുമ്പുകൊണ്ട് ദേവാലയം നിര്‍മിച്ചത്. ഓസ്ട്രിയായില്‍ നിന്ന്‍ ഇറക്കുമതി സ്ഥിതിചെയ്ത അഞ്ഞൂറു ടണ്‍ ഇരുമ്പാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്.

More Archives >>

Page 1 of 270