News - 2025

ഗ്രീസിലെ ലൂസിഫര്‍ പ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച്

സ്വന്തം ലേഖകന്‍ 08-01-2018 - Monday

ഏഥന്‍സ്: ഗ്രീസിലെ ഏഥന്‍സിന്റെ തെക്ക് ഭാഗത്തുള്ള ട്രോക്കാഡെറോ പലായോ ഫാലിറോ മരീനക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ലൂസിഫര്‍ പ്രതിമക്കെതിരെ പ്രതിഷേധവുമായി ക്രൈസ്തവ വിശ്വാസികള്‍. പാര്‍ക്കിനോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന ‘ഫിലാക്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിറകുകളോട് കൂടിയ നഗ്നനായ ചുവന്ന പ്രതിമക്കെതിരെയാണ് വിശ്വാസികള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫാ. പടാപിയോസ് അര്‍ഗിറോസ് എന്ന വൈദികന്റെ നേതൃത്വത്തിലാണ് വിശ്വാസികള്‍ സംഘടിച്ചത്. പ്രതിമയില്‍ വിശുദ്ധ ജലം തളിച്ചു അദ്ദേഹം ഭൂതോച്ചാടന പ്രാര്‍ത്ഥനകള്‍ നടത്തി.

ഗ്രീക്ക് പതാകകള്‍ വഹിച്ചുകൊണ്ട് ഗാനങ്ങളുടെ അകമ്പടിയോടെയായിരുന്നു പ്രതിഷേധ മാര്‍ച്ച്. ഡിസംബര്‍ 5നാണ് ഈ പ്രതിമ സ്ഥാപിച്ചത്. അന്ന് മുതല്‍ വിമര്‍ശനം വ്യാപകമായിരിന്നു. പ്രതിമക്ക് നേരെ രണ്ട് പ്രാവശ്യം അക്രമങ്ങള്‍ ഉണ്ടായി. ക്രൈസ്തവരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പലായോ ഫാലിറോ മുനിസിപ്പാലിറ്റി പ്രതിമക്ക് തെക്കന്‍ എഥന്‍സിന്റെ ‘കാവല്‍ മാലാഖ’ എന്ന പേര് നല്‍കി. എന്നാല്‍ ഇതിന് എതിരെയും ശക്തമായ പ്രതിഷേധം ഉണ്ടായി.

ക്രിസ്ത്യന്‍ വിശ്വാസത്തില്‍ പറയുന്ന കാവല്‍ മാലാഖയുമായി പ്രതിമക്ക് യാതൊരു ബന്ധവുമില്ലെന്ന് മേയര്‍ ഡയോണിസിസ് ഹാറ്റ്സിഡാകിസ് പറഞ്ഞു. ജോര്‍ജ്ജിയോ എന്ന കലാകാരനാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. പ്രതിമ സാത്താന്റെ ഒരു പടയാളി തന്നെയാണെന്നാണ് ഫാദര്‍ പടാപിയോസ് പറയുന്നത്. ഇതിനെ ആദരിക്കുന്നതിനു പകരം പരിശുദ്ധ ത്രിത്വത്തിനെതിരെയുള്ള നിന്ദയായിട്ടു വേണം കാണുവാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിമ നീക്കം ചെയ്യുവാന്‍ മുന്‍സിപ്പാലിറ്റിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് വേണ്ടി പ്രദേശവാസികള്‍ ഇതിനോടകം തന്നെ ഒപ്പ് ശേഖരണം ആരംഭിച്ചിട്ടുണ്ട്.

More Archives >>

Page 1 of 271