News - 2025

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ തയാറാകണം: ഹോളിവുഡ് നടന്‍ ജിം കാവിയേസല്‍

സ്വന്തം ലേഖകന്‍ 09-01-2018 - Tuesday

ഷിക്കാഗോ: സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ കത്തോലിക്ക വിശ്വാസികള്‍ തയാറാകണമെന്ന്‍ പ്രസിദ്ധ ഹോളിവുഡ് നടന്‍ ജിം കാവിയേസല്‍. ജനുവരി 2 മുതല്‍ 6 വരെ കത്തോലിക്കാ കോളേജ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഫോക്കസ് സംഘടിപ്പിച്ച സ്റ്റുഡന്റ്സ് ലീഡര്‍ഷിപ്പ് സമ്മിറ്റ് 2018-ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രസിദ്ധ ചലച്ചിത്രമായ ‘പാഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന’ സിനിമയില്‍ യേശുവിന്റെ വേഷം കൈകാര്യം ചെയ്ത നടനാണ് കാവിയേസല്‍. വിശ്വാസം വഴിയും യേശു നല്‍കുന്ന വിവേകം വഴിയും മാത്രമാണ് നമുക്ക് രക്ഷയുള്ളതെന്നും ഇതിനായി നിലകൊള്ളുമ്പോള്‍ നമ്മുക്ക് ചിലപ്പോള്‍ ജീവന്‍ നഷ്ടമാകാമെന്നും അദ്ദേഹം പറഞ്ഞു.

‘പോള്‍ അപ്പോസ്റ്റല്‍ ഓഫ് ക്രൈസ്റ്റ്’ എന്ന തന്റെ ചിത്രത്തെ കുറിച്ചുള്ള ആമുഖത്തോടെയാണ് കാവിയേസല്‍ പ്രസംഗം ആരംഭിച്ചത്. ഇതുപോലെയുള്ള ചിത്രങ്ങളില്‍ അഭിനയിക്കുന്നത് വഴി ദൈവത്തിന്റെ കണ്ണില്‍ വലിയവനായിരിക്കേണ്ടതിന്റെ ആവശ്യകത തനിക്ക് മനസ്സിലായി. ക്രിസ്തുവിന്റെ വേഷം കൈകാര്യം ചെയ്ത് പൂര്‍ത്തിയാക്കിയത് ശരിക്കുമൊരു സഹനമായിരുന്നെന്നും 5 മാസങ്ങള്‍ക്ക് ശേഷം തനിക്ക് ഓപ്പറേഷന്‍ വേണ്ടിവന്നതായും അദ്ദേഹം വെളിപ്പെടുത്തി. സിനിമയില്‍ കുരിശില്‍ കിടക്കുന്ന ഭാഗത്ത് അഭിനയിക്കുമ്പോള്‍ യേശുവിന്റെ സഹനങ്ങളായിരുന്നു തന്റെ മനസ്സില്‍. ഈ അവസരത്തില്‍ യേശുവിന്റെ സഹനങ്ങളിലാണ് നമ്മുടെ വീണ്ടെടുപ്പെന്നും താന്‍ മനസ്സിലാക്കി.

നാം ഓരോരുത്തരും നമ്മുടെ സ്വന്തം കുരിശുകള്‍ ചുമക്കണം, നമ്മുടെ വിശ്വാസത്തിന് നമുക്ക് പ്രതിഫലം ലഭിക്കും. നമ്മുടെ പാപത്തില്‍ നിന്നുമുള്ള മോചനം, നമ്മുടെ ദുര്‍ബ്ബലതയില്‍ നിന്നുമുള്ള മോചനം, നമ്മുടെ അടിമത്വത്തില്‍ നിന്നുമുള്ള മോചനം അതാണ്‌ നമുക്ക് വേണ്ടത്. ദൈവത്തിനായാണ് നമ്മള്‍ ജീവിക്കേണ്ടത്. പരിശുദ്ധാത്മാവിനെ നമ്മുടെ കവചവും, യേശുവിനെ നമ്മുടെ വാളുമാക്കികൊണ്ട് വിശുദ്ധ മിഖായേല്‍ മാലാഖക്കൊപ്പം ചേര്‍ന്ന് പിശാചിനേയും അവന്റെ കിങ്കരന്‍മാരേയും തുടച്ചു നീക്കണമെന്ന് പറഞ്ഞുകൊണ്ടാണ് കാവിയേസല്‍ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

More Archives >>

Page 1 of 271