News - 2025

ഓരോരുത്തരും മാമ്മോദീസ തീയതി പ്രത്യേകം സ്മരിക്കണം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 10-01-2018 - Wednesday

വത്തിക്കാന്‍ സിറ്റി: ഓരോരുത്തരും മാമ്മോദീസാ ദിനം പ്രത്യേകം സ്മരിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ജനുവരി ഏഴാം തീയതി എപ്പിഫനി തിരുനാള്‍ ദിനത്തില്‍ ത്രികാല ജപത്തോട് അനുബന്ധിച്ച് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. വിവിധ രാജ്യങ്ങളില്‍ നിന്ന്‍ എത്തിയ ആയിരകണക്കിന് വിശ്വാസികളാണ് പാപ്പയുടെ സന്ദേശത്തിനായി സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടിയത്. മാമ്മോദീസ തീയതിയെ പറ്റിയുള്ള ഓര്‍മ്മ എപ്പോഴും ഉണ്ടായിരിക്കണമെന്നും അത് ആഘോഷത്തിന്റെ ഭാഗമാകണമെന്നും പാപ്പ പറഞ്ഞു.

നിങ്ങളുടെ മാമ്മോദീസാ ദിനം ഓര്‍മ്മിക്കുന്നുണ്ടോ? ഇത് എനിക്കു ചോദിക്കാന്‍ കഴിയില്ല, കാരണം, എന്നെപ്പോലെ, നിങ്ങളില്‍ ഭൂരിഭാഗവും ശിശുക്കളായിരുന്നപ്പോള്‍ മാമ്മോദീസ സ്വീകരിച്ചവരാണ്. എന്നാല്‍, ഞാന്‍ നിങ്ങളോടു മറ്റൊരു കാര്യം ചോദിക്കുകയാണ്. നിങ്ങള്‍ മാമ്മോദീസ സ്വീകരിച്ച തീയതി നിങ്ങള്‍ക്കറിയാമോ? ഏതു ദിവസമാണ് നിങ്ങള്‍ ജ്ഞാനസ്നാനപ്പെട്ടതെന്നു നിങ്ങള്‍ക്കറിയാമോ? ഓരോരുത്തരും ഇതിനേക്കുറിച്ചു ഒന്നാലോചിക്കുക.

നിങ്ങള്‍ക്ക് ആ ദിനം അറിയില്ലെങ്കിലോ, അല്ലെങ്കില്‍ മറന്നുപോയെങ്കിലോ വീട്ടില്‍ ചെന്ന് അമ്മയോടോ വല്ല്യമ്മയോടോ അമ്മാവനോടോ, അമ്മായിയോടോ, വല്ല്യപ്പനോടോ, തലതൊട്ടമ്മ, തലതൊട്ടപ്പന്‍ എന്നിവര്‍ ആരോടെങ്കിലും ചോദിക്കുക. ഏതാണ് ദിവസം? ആ ദിവസം നമ്മുടെ ഓര്‍മയില്‍ എപ്പോഴും ഉണ്ടായിരിക്കണം, അത് ആഘോഷത്തിന്‍റെ ദിവസമാകണം. ജ്ഞാനസ്നാനം സ്വീകരിച്ച ദിവസം നമ്മുടെ ആദ്യവിശുദ്ധീകരണത്തിന്‍റെ ദിനമാണ്. ഈ ദിനത്തിലാണ് പിതാവു നമുക്കു പരിശുദ്ധാത്മാവിനെ നല്‍കിയത്.

മറക്കരുതേ. ഏതാണ് മാമ്മോദീസ തീയതി? മാമ്മോദീസായെന്ന കൃപാദാനത്തെ കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുന്നതിനും അതിനു ചേര്‍ന്നവിധത്തില്‍ ജീവിക്കുന്നതിന് പ്രതിജ്ഞാബദ്ധരാകുന്നതിനും പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും സ്നേഹത്തിനു സാക്ഷ്യമേകുന്നതിനും, പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാതൃസംരക്ഷണം നമുക്കു യാചിക്കാം എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

More Archives >>

Page 1 of 271